dec08a

ആറ്റിങ്ങൽ: നീർത്തടങ്ങളും കുളങ്ങളും ശുചീകരിച്ച് വൃത്തിയാക്കി കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്ന് ബഡ്ജറ്റിൽ പറയുന്നുണ്ടെങ്കിലും ഒറ്റൂർ പഞ്ചായത്തിലെ 12 ാം വാർഡിലെ പേരേറ്റിൽ ജംഗ്ഷന് സമീപത്തെ കോളൂർ കുളം ശുചീകരിക്കാതെ കാടുകയറി നശിക്കുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

കൃഷി ഉണ്ടായിരുന്ന കാലത്ത് നാട്ടുകാർ എല്ലാ കൊല്ലവും വൃത്തിയാക്കി മട കോരി പാടത്തേയ്ക്ക് വെള്ളം ഒഴുക്കാൻ പാകത്തിന് തയ്യാറാക്കുമായിരുന്നു. പാടം പലതും നികത്തുകയും തരിശ്ശിടുകയും ചെയ്തതോടെ ഈ കുളത്തിന് ശനിദശ ആരംഭിച്ചു.

ഈ കുളത്തിനു സമീപത്തുകൂടി നിരവധിപേർക്ക് കടന്നു പോകാൻ പാകത്തിന് ഇരുവശത്തുനിന്നും റോഡുകളുണ്ട്. ഞാറക്കാട്ടു വിള ഭാഗത്തുനിന്നും കടന്നു പോകുന്ന റോഡാണ് ഒന്ന്. ഇത് വൃത്തിയാക്കാതെ ഗതാഗത യോഗ്യമല്ലാതെ കിടക്കുകയാണ്. മറ്റൊരു റോഡ് ആശാൻ മുക്കിൽ നിന്ന് കോളൂർ കുളത്തിനു സമീപത്തുകൂടി കടന്നു പോകുന്നതാണ്. അത് അടുത്തിടെ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.

കുളവും പരിസരവും കാടു കയറി കിടക്കുന്നതിനാൽ സന്ധ്യ മയങ്ങിയാൽ ഇതുവഴി പോകാൻ നാട്ടുകാർക്ക് ഭയമാണ്. ഇഴജന്തുക്കളുടെയും തെരുവു നായ്ക്കളുടെയും ശല്യം ഈ പ്രദേശത്ത് രൂക്ഷമാണ്. പ്രശ്നങ്ങൾ കാണിച്ച് വർഷങ്ങളായി നിരവധി തവണ പഞ്ചായത്ത് അധികൃതർക്കും എം.എൽ.എയ്ക്കും പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.