നെയ്യാറ്റിൻകര: അരനൂറ്റാണ്ട് മുൻപ് പച്ചക്കറികൾക്കും വാഴക്കുലയ്ക്കും തമിഴ്നാട്ടിലെ വ്യാപാരികൾ എത്തിയിരുന്നത് ചെങ്കൽ പഞ്ചായത്തിലെ വലിയകുളത്തിനും സമീപത്തുമുള്ള കീഴമ്മാകം ഏലായിലാണ്. പിന്നെ കാലം മാറി, ചെങ്കൽ പ്രദേശത്തുള്ളവരും തിരുവന്തപുരം ജില്ലയിയിലെ ഉപഭോക്താക്കളും പച്ചക്കറിക്കും എന്തിന് ഉണ്ണാനുള്ള വാഴയിലയ്ക്ക വരെ തമിഴ്നാടിനെ ആശ്രയിക്കാൻ തുടങ്ങി. ഇപ്പോൾ വീണ്ടും കാലം മാറി, ഇവിടെ വീണ്ടും പച്ചക്കറി കൃഷി സജീവമായതോടെ ജില്ലാതല ഹരിത പുരസ്‌കാരം വരെ ചെങ്കൽ പഞ്ചായത്തിന് ലഭിച്ചു. 500 ൽ അധികം ഏക്കർ സ്ഥലത്താണ് വിവിധ കൃഷികൾ ഇപ്പോൾ കൃഷി ചെയ്തു തുടങ്ങിയിരിക്കുന്നത്.
വീടുകളിലും പാടങ്ങളിലും കൃഷി ശീലമാക്കിയതോടെ, സംസ്ഥാനത്തെ ആദ്യ തരിശുരഹിത പഞ്ചായത്ത് എന്ന ബഹുമതിയും ലഭിച്ചതോടെ ഈ പ്രദേശത്തെ യുവജനങ്ങളുൾപ്പെടെയുള്ളവർക്ക് ഇപ്പോൾ കാർഷിക മൂഡാണ്...
200 ഏക്കറിലാണ് ഇവിടെ പച്ചക്കറി കൃഷി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏതാണ്ട് 22 വിദ്യാലയങ്ങളിലും വ്ളാത്താങ്കര സ്വർഗാരോപിതമാതാ ഫൊറോന ദേവാലയത്തിലും മര്യാപുരം അഭേദാശ്രമത്തിലും കുന്നൻവിള കൊച്ചുത്രേസ്യ ദേവാലയത്തിലും പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷി നടത്തിവരുന്നു.
പുറമേ വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പുതുതായി പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.
ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി പ്രകാരം 4500 വീടുകളിൽ ഗ്രോബാഗ് പച്ചക്കറി കൃഷി നടക്കുന്നുണ്ട്. ഇതിനായി 8000 പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്.
ഹരിത കർമസേനയും കൃഷി പ്രോത്സാഹിപ്പിക്കുവാനായി ചേർന്നിട്ടുണ്ട്. ഇവർ സർവേ നടത്തി തരിശുകിടന്നിരുന്ന 42 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. രണ്ടുലക്ഷം പച്ചക്കറി വിത്തുകളും നടീൽ വസ്തുക്കളും കൃഷിഭവൻ മുഖേന വിതരണം ചെയ്തു.