കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിനു സമീപം കാർ കനാലിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ കുഞ്ഞടക്കം മൂന്നു പേർ മരിച്ചു. കുലശേഖരം അഞ്ചുകണ്ടറ മുത്തൻപ്പാല സ്വദേശി അനീഷ് (30),ഭാര്യ മഞ്ജു (22),ഒന്നര വയസുകാരനായ മകൻ അമർനാഥ് എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ അനീഷും കുടുംബവും കുലശേഖരത്ത് പോയി മടങ്ങവെ അഞ്ചുകണ്ടറയിൽ വച്ച് കാർ നിയന്ത്രണം തെറ്റി കനാലിൽ വീഴുകയായിരുന്നു. നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് കാനിലിൽ ഇറങ്ങി ഇവരെ കരയ്ക്കെത്തിച്ചത്. മൂവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. കുലശേഖരം പൊലീസ് മൃതദേഹം കൈപ്പറ്റി കുലശേഖരം ഗവ.ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് കൈമാറും. പൊലീസ് കേസെടുത്തു.