ddd

നെയ്യാറ്റിൻകര: വേളാങ്കണ്ണിക്ക് തീർത്ഥാടനത്തിന് പോകവേ കാറപകടത്തിൽ മരിച്ച ദമ്പതികളുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നു മാറാതെ ഒാലത്താന്നി നിവാസികൾ. തണൽവീട്ടിൽ സുധി (45), ഭാര്യ ഷൈനി (40) എന്നിവരാണ് മരിച്ചത്. നാട്ടുകാരുടെ എല്ലാ കാര്യങ്ങൾക്കും ഓടിയെത്തുന്നയാളാണ് സുധി. തന്റെ വീട്ടിൽ നിന്നു ഇന്നലെ ആരംഭിക്കാനിരുന്ന കരോൾ പ്രാർത്ഥനയ്ക്ക് മുന്നോടിയായി വൃതശുദ്ധിയോടെ വേളാങ്കണ്ണിയിലേക്ക് പോയതായിരുന്നു സുധിയും കുടുംബവും. സുധിയുടെ വരവും കാത്തിരുന്ന സുഹൃത്തുക്കൾക്ക് ഇനി ചേതയനയറ്റ ശരീരമാകും കാണേണ്ടിവരിക. ശബരിമലയ്ക്ക് വ്രതശുദ്ധിയോടെ മാലയിടുകയും കുരിശുമല തീർത്ഥാടനത്തിന് വ്രതം നോറ്റ് യാത്ര പോകുകയും ചെയ്യുന്ന സുധി നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു.

ഓലത്താന്നി നവകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ മുൻ പ്രസിഡന്റായിരുന്നു സുധി. പിതാവ് പരേതനായ രാഘവനായിരുന്നു പഴയ പ്രസിഡന്റ്. നാടക നടന്മാരായിരുന്നു അച്ഛനും മകനും.

ശനിയാഴ്ച വൈകിട്ട് നാലരയോടെ തിരുച്ചിറപ്പള്ളിക്കടുത്തായിരുന്നു അപകടം. സുധിയും ഭാര്യയും മക്കളായ കെൽവിനും (14), നെൽവിനും (11) എന്നിവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറായി എതിരെ വന്ന വാഹനത്തിൽ തട്ടി റോഡിലേക്ക് മറിയുകയായിരുന്നു. ഭാര്യാ-ഭർത്താക്കന്മാർ തത്ക്ഷണം മരിച്ചു. പുതുക്കോട്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഇന്നലെ വൈകിട്ട് നാലരയോടെ പുറപ്പെട്ട ആംബുലൻസ് ഇന്ന് രാവിലെ ഏഴ് മണിയോടെ ഓലത്താന്നിയിൽ എത്തിച്ചേരും. തുടർന്ന് നവകേരള ആർട്സ് ക്ലബിൽ പൊതുദർശനത്തന് വച്ച ശേഷം വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. മക്കൾ രണ്ടു പേരും ഗുരുതരാവസ്ഥയിൽ പുതുക്കോട്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.