
തിരുവനന്തപുരം: ആവേശക്കൊടുമുടിയിലാണ് തിരുവന്തപുരം. ഇന്ത്യാ- വിൻഡീസ് ടി-20 മത്സരത്തിന്റെ ആവേശപ്പൂരമാണ് കാര്യവട്ടം സ്പോർട്സ് ഹബിൽ. വൈകിട്ട് നാലോടെ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. നാലരയോടെ മുകൾ നിലയിലെ ഗാലറികൾ നിറഞ്ഞുതുടങ്ങി.
അഞ്ചോടെ വിൻഡീസ് ടീം സ്റ്റേഡിയത്തിലെത്തി. വൻ വരവേൽപ്പായിരുന്നു വിൻഡീസിന് കിട്ടിയത്. അഞ്ചരയോടെ ഇന്ത്യൻ ടീം സ്റ്റേഡിയത്തിലെത്തി. സെൽഫിയെടുക്കാനും താരങ്ങളെ ഒരുനോക്കു കാണാനും ആരാധകർ സ്റ്റേഡിയത്തിനു മുൻവശം കാത്തുനിന്നു. കൈയിൽ മൊബൈലുമായി സെൽഫിയെടുക്കാൻ കാത്തുനിന്ന ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് സംഘവും നിലയുറപ്പിച്ചു. ടീം ബസ് സ്റ്റേഡിയത്തിന്റെ ഗേറ്റ് കടന്നതോടെ ആവേശം കൊടുമുടിയിലായി. സ്റ്റേഡിയത്തിന് മുൻവശത്ത് ബസ് നിറുത്തി താരങ്ങൾ ഇറങ്ങുമെന്നാണ് പൊലീസും ആരാധകരും പ്രതീക്ഷിച്ചത്. എന്നാൽ ടീം ബസ് നേരിട്ട് സ്റ്റേഡിയത്തിനുള്ളിലേക്ക് കയറി. ഗാലറികൾ ഇളകിമറിഞ്ഞു. ഓരോ താരവും ബസിൽ നിന്നിറങ്ങുമ്പോഴും ഗാലറികൾ ആർത്തുവിളിച്ചു. സഞ്ജു... സഞ്ജൂ എന്ന് വിളിച്ച് ഗാലറികൾ ഇളകി. ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിക്കും ഉപനായകൻ രോഹിത് ശർമ്മയ്ക്കും ആർപ്പുവിളികൾ. സഞ്ജു ബസിൽ നിന്നിറങ്ങിയപ്പോഴേക്കും ആരാധകരുടെ ആർപ്പുിളികളുയർന്നു. അഞ്ചേമുക്കാലിന് ഗ്ലൗസുമണിഞ്ഞ് സഞ്ജു പരിശീലനത്തിന് ഗ്രൗണ്ടലിറങ്ങി. അപ്പോഴേക്കും ഗാലറികൾ ഇളകിമറിഞ്ഞു. കൈയുയർത്തി ഗാലറികളെ അഭിവാദ്യം ചെയ്തു കൈ കൂപ്പി നന്ദി പറഞ്ഞും സഞ്ജു ജന്മനാട്ടിനോടുള്ള സ്നേഹവായ്പ് അറിയിച്ചു. രണ്ട് ടീമുകളും പരിശീലനം നടത്തുകയാണ്. ഇന്ത്യൻ താരങ്ങളായ ശിവന്ത് ദുബൈ, ദീപക് ചഹാർ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവരെല്ലാം ഗ്രൗണ്ടിലിറങ്ങി പരിശീലനത്തിൽ മുഴുകി.