-conclave

തിരുവനന്തപുരം: സംസ്ഥാന വികസനത്തെ പറ്റിയുള്ള യുവതലമുറയുടെ ആശയങ്ങൾ നേരിട്ടറിയാൻ കലാലയങ്ങളിലെ വിദ്യാർത്ഥി നേതാക്കളുമായി മുഖ്യമന്ത്റി പിണറായി വിജയൻ സംവദിക്കുന്ന 'ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോൺക്ലേവ്" നാളെ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ സംസാരിക്കും. കേരള, എം.ജി, സാങ്കേതികം, ന്യൂവാൻസ്, ഫിഷറീസ്, കുസാ​റ്റ് എന്നീ സർവകലാശാല യൂണിയൻ ഭാരവാഹികളും സർവകലാശാലകളിൽ അഫിലിയേ​റ്റ് ചെയ്‌ത കോളേജുകളിലെ യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവരും പങ്കെടുക്കും. സാങ്കേതിക കാരണങ്ങളാൽ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് രാവിലെ 8 മുതൽ സ്‌പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടം കോഴിക്കോട് ഫാറൂഖ് കോളേജിൽ ജനുവരിയിൽ നടക്കും.