
കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ പർവതിപുരത്തിനു സമീപം തമിഴ്നാട് ട്രാൻസ്‌പോർട് ബസ് നിയന്ത്രണം തെറ്റി കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. കുഴിത്തുറ സ്വദേശിയായ ഡ്രൈവർ റസൽരാജ് (45), കണ്ടക്ടർ തവസി (46), തൂത്തുക്കുടി സ്വദേശി പലവേഷം(48),പാറശാല സ്വദേശി ശശി (62) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ അഞ്ചു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് വന്ന ബസ് പർവതിപുരം പാലത്തിന് സമീപത്തുവച്ച് നിയന്ത്രണം തെറ്റി റോഡരികിലുള്ള പാലത്തിന്റെ തൂണിൽ ഇടിച്ച ശേഷം അടുത്തുള്ള കടയിൽ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ചികിത്സയ്ക്കായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. നാഗർകോവിൽ ട്രാഫിക് പൊലീസ് കേസെടുത്തു.