നെടുമങ്ങാട്: തരിശുഭൂമി കണ്ടെത്തി വിഷരഹിത പച്ചക്കറി വിളകൾ നട്ടു പരിപാലിച്ചും ജനങ്ങൾക്ക് വിതരണം ചെയ്തും വിജയഗാഥ രചിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. 25 ഏക്കറിലായി 25,000 ഏത്ത വാഴകൾ, അതിന്റെ പത്തിരട്ടിയിലധികം വെണ്ടയും പാവലും പടവലവും ഒക്കെയടങ്ങുന്ന പച്ചക്കറികൾ, ഓണക്കാലം മുന്നിൽക്കണ്ട് വിവിധ പഞ്ചായത്തുകളിലായി പൂകൃഷി. അരുവിക്കര പഞ്ചായത്തിൽ കുറ്റിമുല്ലത്തോട്ടം, ബ്ലോക്കാഫീസിനോട് ചേർന്ന് ഒരുക്കിയ ജൈവ ഗ്രാമത്തിൽ 2,000 ലധികം മുട്ടക്കോഴികൾ, തേനീച്ച, വെച്ചൂർപ്പശുക്കൾ, ആടുകൾ, താറാവുകൾ ...
അങ്ങനെ നീളുന്നു ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ജൈവഗ്രാമത്തിലെ വിശേഷങ്ങൾ. 'നല്ലമണ്ണിനും ഓജസുറ്റ മനുഷ്യനും വേണ്ടി വിഷരഹിതമായ ആഹാരം" എന്നതാണ് ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്ന സന്ദേശം. തനതു പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുള്ള ബ്ലോക്കിന് സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഹരിത കേരള മിഷൻ പുരസ്‌കാരം ലഭിച്ചത് കഴിഞ്ഞദിവസമാണ്. അഞ്ചു ലക്ഷം രൂപയും പ്രശംസാപത്രവുമാണ് ബ്ലോക്കിന് ലഭിക്കുക.
1. 4 വർഷം കൊണ്ട് നൂറ് കണക്കിന് ഏക്കർ തരിശ് ഭൂമിയിൽ ജൈവകൃഷി
2. ആദ്യ നിക്ഷേപം അംഗങ്ങൾക്ക് തിരികെ നൽകി
3. 50 ലക്ഷത്തിന്റെ ആസ്തി പുതുതായി സ്വരൂപിച്ചു
4. പ്രളയകാലത്ത് ഇതിൽ നിന്നും ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിക്ക് നൽകി
5. 4000 കിലോ ജൈവ ഉത്പന്നങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു
സംയോജിത ജൈവഗ്രാമം കാർഷിക വൃത്തിയിലൂടെ ലാഭം സൃഷ്ടിച്ച് ബ്ലോക്ക് പഞ്ചായത്തിൽ അടയ്ക്കുന്ന സംസ്ഥാനത്തെ അപൂർവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് നെടുമങ്ങാട് ബ്ലോക്ക്. പരമ്പരാഗത കർഷകർ ഉൾപ്പടെ 17 പേർക്ക് സ്ഥിരം തൊഴിലും 80 പേർക്ക് പ്രതിവർഷം 200 തൊഴിൽ ദിനങ്ങളും ജൈവഗ്രാമത്തിലൂടെ സൃഷ്ടിക്കാനായതും നേട്ടമാണ്.
സമൂഹത്തിന്റെ നാനാതുറയിലുള്ളവരേയും പങ്കെടുപ്പിച്ച് ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടത്തിയ കിള്ളിയാർ മിഷൻ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. കൈയേറ്റവും മലിനീകരണവും കൊണ്ട് മരിച്ചു തുടങ്ങിയ കിള്ളിയാറിൽ നീരൊഴുക്ക് വീണ്ടെടുക്കുന്ന പദ്ധതി പദ്ധതി പരിഗണിച്ച് കേന്ദ്രസർക്കാർ രണ്ടുവട്ടം രാജ്യത്തെ ഏറ്റവും മികച്ച ബോക്ക് പഞ്ചായത്തിനുള്ള അവാർഡ് നെടുമങ്ങാട് ബ്ലോക്കിന് സമ്മാനിച്ചിരുന്നു.