v

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ജലോത്സവവും പിറവിയുടെ കുഞ്ഞുകൃഷ്‌ണ പണിക്കർ സ്‌മാരക മലയാള പ്രൊഫഷണൽ നാടക വേദിയുടെ നൂറാം വാർഷികവും 17 മുതൽ 26 വരെ നടക്കുമെന്ന് സംഘാടക സമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.പി. ബ്രഹ്മാനന്ദൻ സ്‌മാരക ജലോത്സവ അവാർഡ് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് കീർത്തി സുരേഷിന് നൽകും. നാടകവേദിയുടെ നൂറാം വാർഷികത്തിൽ പ്രൊഫഷണൽ നാടകമത്സരം ഉണ്ടായിരിക്കും. ജലോത്സവത്തിൽ ഒന്നാംതരം, രണ്ടാംതരം വള്ളങ്ങളുടെ മത്സരവും ബോട്ട് റേസിംഗ്, ബോട്ട് അലങ്കാര മത്സരങ്ങളും നടക്കും. പ്രൊഫ. വി. സാംബശിവൻ സ്‌മാരക കഥാപ്രസംഗമേള, നാടൻപാട്ട്, അഞ്ചുതെങ്ങ് കായൽ ടൂറിസം ക്ലസ്റ്റർ ഗ്രൂപ്പ്‌ അംഗങ്ങളുടെ മത്സരങ്ങൾ, അംഗൻവാടി ജീവനക്കാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും മത്സരങ്ങളും കലാപരിപാടികളും നടക്കും. ഇതോടൊപ്പൊം ചക്ക - തേൻ കാർഷിക പ്രദർശന വിപണന മേളയും ഉണ്ടായിരിക്കും. 17ന് രാവിലെ 9ന് അഞ്ചുതെങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ് ക്രിസ്റ്റി സൈമൺ പതാക ഉയർത്തും. 10ന് ക്ലസ്റ്റർ ഗ്രൂപ്പുകളുടെ മത്സരം ചെയർമാൻ സി. അജയകുമാർ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷനാകും. വൈകിട്ട് 5ന് ജലോത്സവ വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി നിർവഹിക്കും. അടൂർ പ്രകാശ് എം.പി അദ്ധ്യക്ഷനാകും. ശരത്ചന്ദ്ര പ്രസാദ് ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ. ഷൈലജാ ബീഗം, ക്രിസ്റ്റി സൈമൺ, വേണുജി, വിലാസിനി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സന്ധ്യ സുജയ്, അഡ്വ. ഫിറോസ് ലാൽ, യേശുദാസ്, ഫാ. പ്രദീപ് ജോസഫ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പയസ്, ലൈജു, ഷൈജു ശിവൻ, സ്‌കന്ദകുമാർ, ഷെറിൻ ജോൺ, അഡ്വ. റസൂൽ ഷാൻ, അഫ്സൽ മുഹമ്മദ്‌, വിഷ്ണു, അജയകുമാർ (കുഞ്ഞാമ്പു ), പ്രവീൺചന്ദ്ര തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ പ്രഥമ കലാഭവൻ മണി അവാർഡ് സന്തോഷ്‌ ബാബുവിന് നൽകും. തുടർന്ന് തിരുവനന്തപുരം തനിമ അവതരിപ്പിക്കുന്ന നാടൻപാട്ടും നൃത്താവിഷ്‌കാരവും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ആർ.എസ്. ഗാന്ധി, സൈജുരാജ്, ജ്യോതിബസു, രേഖ, അനിൽ, ബീനാരാജീവ്‌, ബാബു, വക്കം അക്ബർ ഷാ, വിപിൻ ചന്ദ്രപാൽ, ജയസജിത്ത്, ജി. ബാബുക്കുട്ടൻ, സുനി കായിക്കര, ശ്യാം കടയ്ക്കാവൂർ. എന്നിവർ പങ്കെടുത്തു.