പൂവാർ: കോവളം കാരോട് ബൈപ്പാസിനായി ഭൂമി വിട്ടുനൽകിയവർ നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ നഷ്ട പരിഹാരത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി കാലം കഴിക്കേണ്ട ഗതിയാണ് ഇവർക്ക്. കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപുറം, ചെങ്കൽ ,കാരോട് തുടങ്ങിയ അഞ്ചു വില്ലേജുകളിലുള്ളവരാണ് ബൈപ്പാസ് റോഡിനായി സ്ഥലം കൈമാറിയത്.

2014- ഏപ്രിലിൽ ആണ് ആദ്യമായി നഷ്ടപരിഹാരത്തുക മൂന്ന് പേർക്ക് ലഭിക്കുന്നത്. അതിനു ശേഷം 2016 മെയ് വരെ ആർക്കും നഷ്ടപരിഹാരത്തുക നൽകിയിട്ടില്ല. ആക്ഷൻ കൗൺസിലിന്റെ സമരത്തെ തുടർന്ന് ജില്ലാ കളക്ടറെ ആർബിട്രേറ്ററായി ചുമതലപ്പെടുത്തി. തുടർന്ന് 165 പേരുടെ നഷ്ടപരിഹാര കേസുകൾ 15% വർദ്ധനവോടെ അന്നത്തെ ജില്ലാ കളക്ടർ ആയിരുന്ന വെങ്കിടേശപതി പ്രഖ്യാപിച്ചു. ബാക്കിയുള്ള കേസുകളിൽ 2018 ജനുവരി മുതൽ 50% വർദ്ധനവ് ജില്ലാ കളക്ടർ ആയിരുന്ന ഡോ.വാസുകിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതാകട്ടെ നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ കോടതിയിൽ നിന്ന് സ്റ്റേ ചെയ്തിരിക്കുകയാണ്.കഴിഞ്ഞ പത്ത് മാസക്കാലമായി ആർബിട്രേറ്റർ പരാതികൾ ഒന്നും കേൾക്കാറില്ല.പുതിയ കളക്ടർ വന്നിട്ടും സ്തിതിഗതികളിൽ മാറ്റം വന്നിട്ടില്ലന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്. ഒരു മാസത്തിനകം ആർബിട്രേഷൻ നടപടികൾ ആരംഭിച്ചില്ലെങ്കിൽ അനിശ്ചിതകാല ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ആക്ഷൻ കൗൺസിൽ പദ്ധതിയിടുന്നത്.

## ഭൂമികൾ അഞ്ച് കാറ്റഗറികൾ

(ഇങ്ങനെ തിരിച്ചാണ് ജില്ലാതല പർച്ചേഴ്സ് കമ്മിറ്റി സ്ഥലവില നിർണയിച്ചത്. )

എ കാറ്റഗറി ........പി.ഡബ്ല്യൂ.ഡി റോഡിന് സമീപത്തെ വസ്തു

ബി കാറ്റഗറി...... പഞ്ചായത്ത് റോഡിന് സമീപത്തെ വസ്തു

 സി കാറ്റഗറി...... റോഡില്ലാത്ത വസ്തു

 ഡി കാറ്റഗറി .......നിലം

ഇ കാറ്റഗറി ......പാഴ് സ്ഥലം

(നഷ്ടപരിഹാരത്തുക )

എ കാറ്റഗറി വസ്തുവിന്......... 5,25,000 രൂപ

മറ്റുള്ളവയ്ക്ക്..... എ കാറ്റഗറിയുടെ 10% കുറച്ചുള്ള തുക

#എന്നാൽ സ്റ്റേറ്റ് ലെവൽ എംബർ കമ്മിറ്റി ഈ തീരുമാനം റദ്ദുചെയ്തു.

#സെന്റ് ഒന്നിന് 3,75,000 രൂപയാണ് ഭൂ ഉടമകൾക്ക് ലഭിച്ചത്.

കഴക്കൂട്ടം കാരോട്ട് ബൈപ്പാസിനായി ഭൂമി വിട്ടു നൽകിയവരുടെ ആർബിട്രേഷൻ നടപടികൾ ജില്ലാ കളക്ട്രേറ്റിൽ 2014 മുതൽ കെട്ടിക്കിടക്കുകയാണ്. അവ അടിയന്തരമായി തീർപ്പാക്കണം.

- കഴക്കൂട്ടം കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിൽ

ചെയർമാൻ വി.സുധാകരൻ