kovalam

വിഴിഞ്ഞം: കോട്ടുകാൽ അട്ടറമൂല പമ്പ് ഹൗസിൽ പുതിയ പമ്പ് സ്ഥാപിച്ചതോടെ ഒരു നാടിന്റെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന ആശ്വാസത്തിലാണ് ജനങ്ങൾ. ഇനി മുതൽ 150 ലിറ്റർ എന്ന കണക്കിൽ സാധാരണ ഗതിയിൽ പമ്പ് ഹൗസിൽ നിന്നും ജലം വിതരണം ചെയ്യും. ഇതിനായി ജല അതോറിട്ടിയുടെ ഫണ്ടിൽ നിന്നും 3 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് പുതിയ പമ്പ് സ്ഥാപിച്ചതെന്ന് ജല അതോറിറ്റി കാഞ്ഞിരംകുളം അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെടുന്ന നന്നംകുഴി, മന്നോട്ടുകൊണം മേഖലകളിലെ നാനൂറോളം കുടുംബങ്ങളുടെ ഒരു വർഷമായി തുടരുന്ന കുടിവെള്ള പ്രശ്നമാണ് ഇതോടെ പരിഹാരം കാണുന്നത്. നവീകരിച്ച ആട്ടറമൂല കുടിവെള്ള പദ്ധതി എം. വിൻസെന്റ് എം.എൽ.എ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.

നാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ 7ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജല അതോറിട്ടി നെയ്യാറ്റിൻകര എക്‌സിക്യൂട്ടീവ് എൻജിനിയറെ തടഞ്ഞു വച്ച് പ്രതിഷേധിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്ന് കരാറുകാരൻ പുതിയ പമ്പ് വാങ്ങുന്ന മുറയ്ക്ക് ഇരുപതു ദിവസത്തിനുളിൽ അട്ടറമൂല പമ്പ് ഹൗസിൽ നിന്ന് ജല വിതരണം പുനസ്ഥാപിക്കാൻ കഴിയുമെന്ന് അന്ന് എക്സിക്യൂട്ടീവ് എൻജിനിയർ രേഖാമൂലം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.

കുഴൽക്കണർ നിർമ്മാണം പല തവണ മുടങ്ങിയതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഭൂഗർഭ ജല അതോറിട്ടിയുടെ കുഴൽകിണർ കുഴിക്കുന്ന യന്ത്രം തടഞ്ഞു പ്രതിഷേധിച്ചു. തുടർന്നാണ് മറ്റൊരു കുഴൽക്കിണർ കുഴിക്കാൻ അധികൃതർ തയ്യാറായത്. മൂന്ന് മാസം മുൻപ് കുഴൽക്കിണർ കുഴിച്ചു പൈപ്പ് ഇറക്കിയെങ്കിലും പുതിയ പമ്പ് സ്ഥാപിച്ചു ജല വിതരണം പുനർസ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ഇതിനെത്തുടർന്ന് വാട്ടർ അതോറിട്ടിയുടെ ഓൺ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ കിണർ കുഴിച്ച് പമ്പ് സ്ഥാപിച്ച് നവീകരിച്ചതോടെയാണ് പദ്ധതി പുനരാരംഭിച്ചത്.