chandrayaan2

തിരുവനന്തപുരം: മൂന്നാം ചാന്ദ്ര ദൗത്യത്തിന് കൂടുതൽ പണം തേടി ഐ.എസ്. ആർ.ഒ. കേന്ദ്ര സർക്കാരിനെ സമീപിച്ചു. കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനത്തിലേതിനെക്കാൾ 75 കോടി രൂപ ചന്ദ്രയാൻ ദൗത്യത്തിനു മാത്രമായി അനുവദിക്കണമെന്നാണ് ആവശ്യം. ഇതോടെ മൂന്നാം ചാന്ദ്രദൗത്യം അടുത്ത വർഷം തന്നെ ഉണ്ടാകുമെന്ന് ഉറപ്പായി. 666 കോടിയുടെ വികസന സഹായമാണ് ഐ.എസ്.ആർ.ഒ തേടിയിരിക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനും അവിടെ യന്ത്രമനുഷ്യനെ അൽപദൂരം നടത്താനും അതിലൂടെ സവിശേഷ പരീക്ഷണങ്ങൾ ചന്ദ്രനിൽ നടത്താനുമായിരുന്നു ഐ.എസ്. ആർ.ഒയുടെ ലക്ഷ്യം. എന്നാൽ വിക്രം ലാൻഡർ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തിൽ വീണതോടെ ദൗത്യം പരാജയമായി. ദൗത്യത്തിന്റെ ഭാഗമായ ചന്ദ്രയാൻ 2 പേടകം ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൃത്യമായി സന്ദേശങ്ങളും ലഭിക്കുന്നുണ്ട്.

നിരാശ വെടിഞ്ഞ്, ചന്ദ്രോപരിതലത്തിൽ ഇറങ്ങുകയെന്ന ലക്ഷ്യം കൈവരിക്കാനാണ് സമയം കളയാതെ വീണ്ടും ചാന്ദ്രദൗത്യവുമായി മുന്നിട്ടിറങ്ങാനുള്ള ഇന്ത്യൻ നീക്കം. ഗഗൻയാനിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനാലാണ് മൂന്നാം ചന്ദ്രയാൻ വിക്ഷേപണം അടുത്ത നവംബർ വരെ നീളുക. അല്ലെങ്കിൽ അടുത്ത വർഷം മദ്ധ്യത്തോടെ മൂന്നാം ചന്ദ്രയാൻ കുതിക്കുമായിരുന്നു.

രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ സൗകര്യങ്ങൾ തന്നെയാണ് മൂന്നാം ദൗത്യത്തിനും ഉപയോഗിക്കുന്നത്. പേടകം, യന്ത്രഭാഗങ്ങൾ എന്നിവയുടെ നിർമ്മാണത്തിനാണ് സമയമെടുക്കുന്നത്. ഇതിനു പുറമെ രണ്ടാം ചാന്ദ്രദൗത്യത്തിൽ റോവറിനും ലാൻഡറിനും പ്രവർത്തിക്കാൻ കഴിയാതിരുന്നതിന്റെ കാരണങ്ങൾ അപഗ്രഥിച്ച് അവ പരിഹരിക്കാനുളള വിദഗ്ധസമിതിയുടെ നിർദ്ദേശങ്ങളും മൂന്നാം ദൗത്യത്തിൽ നിർണായകമാകും.

ലാൻഡർ കരുത്തൻ

മൂന്നാം ചാന്ദ്രദൗത്യത്തിൽ ലാൻഡർ കൂടുതൽ കരുത്തനാകും. സോഫ്റ്റ് ലാൻഡിംഗിനായി നേരത്തെ തയ്യാറാക്കിയ ലാൻഡർ മറിഞ്ഞുവീഴാൻ സാധ്യതയുണ്ടായിരുന്നു. അത്ര സോഫ്റ്റായി ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും നേരെ നിൽക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ ഉറപ്പുള്ള ലാൻഡറാണ് പുതിയ ദൗത്യത്തിന് ഒരുക്കുക.

ലാൻഡിംഗ് സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്തും. ഇതിനായി കൂടുതൽ ഇന്ധനം കരുതാനും സംവിധാനമൊരുക്കും.

മൂന്നാം ചാന്ദ്രദൗത്യം 2020 നവംബർ

രണ്ടാം ചാന്ദ്രദൗത്യം 2019- ജൂലായ് 22- സെപ്തംബർ 7

ഒന്നാം ചാന്ദ്രദൗത്യം 2008 ഒക്ടോബർ 22- നവംബർ 14