corporation

തിരുവനന്തപുരം: പഴകിയ ചിക്കൻ കറി കഴിച്ച് കുഞ്ഞുങ്ങൾ ഉൾപ്പെടെ ആറു പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നഗരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബുഹാരി ഹോട്ടൽ നഗരസഭാ ഹെൽത്ത് സ്‌ക്വാഡ് പൂട്ടിച്ചു. നിരവധിതവണ മുന്നറിയിപ്പു നൽകിയിട്ടും വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ പ്രവർത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കട പൂട്ടി താക്കോൽ നഗരസഭയിലെത്തിച്ചത്. ഉദ്യോഗസ്ഥർ ഹോട്ടൽ അധികൃതർക്ക് നോട്ടീസും നൽകി. അതേസമയം ചികിത്സയിൽ കഴിയുന്നവരുടെ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. ആദിൽ അനസ്, അൻസില, ഷാഹിന മോൾ, ഷംന മോൾ, ഷിഹാന മോൾ എന്നീ കുട്ടികളും പരുത്തിക്കുഴി സ്വദേശി അനസ് എന്നിവരെയാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിഴിഞ്ഞം പള്ളിയിലെ ഉറൂസിന് പോയി മടങ്ങും വഴിയാണ് പരുത്തിക്കുഴി സ്വദേശി അനസും ബീമാപള്ളി സ്വദേശി ഷെഫീഖും കുടുംബവും ഹോട്ടലിലെത്തിയത്. ചിക്കൻകറി കഴിച്ചതോടെ കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നമ്പർ ചോദിച്ചെങ്കിലും ഇത് ഹോട്ടലിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഫോർട്ട് പൊലീസിനെയും ഹെൽത്ത് സ്ക്വാഡിനെയും വിവരം അറിയിച്ചു. രാത്രി സ്‌ക്വാഡിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എം.എൻ.ഗോപകുമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്‌മിരീഷ് ലാൽ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഭക്ഷണത്തിന്റെ ബാക്കി ശേഖരിച്ചു. ചിക്കൻക്കറിയിൽ ദുർഗന്ധമുണ്ടായിരുന്നതായി സ്‌ക്വാഡിലുണ്ടായിരുന്നവർ പറയുന്നു. എന്നാൽ ഹോട്ടലിന്റെ അടുക്കളയിൽ നിന്നു ഇതിന്റെ ബാക്കി കണ്ടെത്താനായില്ല. ബഹളമുണ്ടായതോടെ ബാക്കി ഭക്ഷണം ഹോട്ടലുകാർ മാറ്റിയെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. നിരവധി പേർ പ്രതിഷേധവുമായി ഹോട്ടലിന് മുന്നിൽ തടിച്ച് കൂടി. ശേഖരിച്ച ഭക്ഷണം പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി. തുടർന്ന് ഹോട്ടൽ അടച്ച് പൂട്ടുകയും ചെയ്തു. ആശുപത്രിയിൽ കഴിയുന്നവരെ മേയർ കെ.ശ്രീകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐ.പി. ബിനു, വഞ്ചിയൂർ ബാബു എന്നിവർ സന്ദർശിച്ചു. അപാകതകൾ പരിഹരിക്കാതെ ഹോട്ടൽ തുറക്കാൻ അനുവദിക്കില്ലെന്ന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.