ഉള്ളൂർ: ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന തുടർ വിദ്യാഭ്യാസ പരിപാടി 'ഇംപാക്ട് ' സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അടിസ്ഥാനമാക്കി പ്രസവ പരിചരണം കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ' എസ്.എ.ടി ഒബ്സ്റ്റട്രിക്‌സ് പ്രോട്ടോക്കോൾ ' അദ്ദേഹം പുറത്തിറക്കി. മുൻ അദ്ധ്യാപകരായ ഡോ. കെ. ലളിത, ഡോ. കെ. രാധാകുമാരി, ഡോ. ബി. ശാരദാദേവി, ഡോ. കാവേരി ഗോപാലകൃഷ്ണൻ, ഡോ. സി.ജി. ചന്ദ്രികാദേവി എന്നിവരെ ആദരിച്ചു. പ്രബന്ധാവതരണം, പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം, വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു. ഡോ. വി. രാജശേഖരൻ നായർ, ഡോ. വി.പി. പൈലി തുടങ്ങിയവരും പങ്കെടുത്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി. നിർമ്മല തുടങ്ങിയവർ സംസാരിച്ചു.