തിരുവനന്തപുരം: സാമൂഹ്യ മാറ്റത്തിന് വേണ്ടി നടത്തിയ രചനകളാണ് തോപ്പിൽ ഭാസിയെ വ്യത്യസ്തനാക്കിയതെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിന്റെ കാലിക പ്രസക്തി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറും, തോപ്പിൽ ഭാസി അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. വള്ളിക്കാവ് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ആർ.ബി. ശ്രീകല വിഷയത്തിൽ പ്രഭാഷണം നടത്തി. എം.എം. ഫ്രാൻസിസ് സ്വാഗതവും നിർമ്മാല്യം കെ. വാമദേവൻ നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് 5ന് എം.എൻ.വി.ജി അടിയോടി ഹാളിൽ നടക്കുന്ന തോപ്പിൽ ഭാസി അവാർഡ് ദാന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മനോജ് നാരായണൻ അവാർഡ് ഏറ്റുവാങ്ങും.