തിരുവനന്തപുരം : സിറ്റിപൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായി പ്രവർത്തിച്ചിരുന്ന ഷാഡോ പൊലീസ് ടീമിനെ പിരിച്ചുവിട്ടു. ടീമിലുണ്ടായിരുന്ന 26 പേരെയും ഇവർ നേരത്തെ ജോലി ചെയ്തിരുന്ന വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് മടക്കി അയച്ചു. സിറ്റി പൊലീസ് കമ്മിഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഉദ്യോഗസ്ഥർ ഒരേ യൂണിറ്റിൽ നാല് വർഷത്തിൽ കൂടുതൽ തുടരുന്നത് ഒഴിവാക്കണമെന്ന ഡി.ജി.പി യുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്നാണ് സൂചന. നിലവിലെ ഷാഡോ പൊലീസിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നു വിലയിരുത്തലാണ് പിരിച്ചുവിടാൻ കാരണമെന്നും വിവരമുണ്ട്. പുതിയ ടീം രൂപീകരിക്കുന്നതിൽ തീരുമാനമായിട്ടില്ല.
പല കേസുകളിളും നിർണായക പങ്ക് വഹിച്ചു
2013ൽ മനോജ് എബ്രഹാം സിറ്റി പൊലീസ് കമ്മിഷണറായിരുന്നപ്പോഴാണ് ഷാഡോ ടീം രൂപീകരിച്ചത്. പ്രമാദമായ പല കേസുകളും രഹസ്യമായി അന്വേഷിച്ചിരുന്നത് ഷാഡോ സംഘമാണ്. ബണ്ടിചോർ കേസ്, ഹരിഹരവർമ്മ കേസ്, കോവളത്ത് നടന്ന വിദേശ വനിതയുടെ കൊലപാതകം, വെള്ളയമ്പലം എ.ടി.എം തട്ടിപ്പ്, കഞ്ചാവ് കടത്തൽ തുടങ്ങി നിരവധി കേസുകളുടെ അന്വേഷണത്തിൽ ഷാഡോ നിർണായക പങ്ക് വഹിച്ചിരുന്നു. സൈബർ വിദഗ്ദ്ധരടക്കം ഷാഡോ പൊലീസിലുണ്ടായിരുന്നു.