തിരുവനന്തപുരം: ഗൗരീശപട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭിണിയും കുഞ്ഞും മരിച്ചു. ചിറയിൻകീഴ് ആൽത്തറമുക്ക് സ്വദേശിനി ഗ്രീഷ്മയാണ് (31) മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കഴിഞ്ഞ നാലാം തീയതിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദനയ്ക്കുള്ള കുത്തിവെയ്പ്പിനെ തുടർന്ന് അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും രക്തസമ്മർദ്ദം താഴ്ന്ന് അവശ നിലയിലാവുകയുമായിരുന്നു. തുടർന്ന് ആശുപത്രി ആംബുലൻസിൽ മറ്റൊരു സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. അമ്മയുടെ ജീവൻ രക്ഷിക്കാനായി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്കു മുൻപേ കുഞ്ഞ് മരണപ്പെട്ടിരുന്നതായും അതിനാലാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയതെന്നും പൊലീസ് പറഞ്ഞു. ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് ഇന്നലെ വിട്ടുകൊടുത്തു. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.