iffk-

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം കീഴടക്കി മായിഘട്ട്: ക്രൈം നം.103/2005 ഉം പാരസൈറ്റും. ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊലയ്ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിഅമ്മയുടെ തളരാത്ത പോരാട്ടത്തിന്റെ കഥ പറയുന്ന 'മായി ഘട്ട്: ക്രൈം നം.103/2005 നിറഞ്ഞ കൈയ്യടിയോടെയാണ് കാഴ്ചക്കാർ ഏറ്റെടുത്തത്. അതിനു സാക്ഷിയാകാൻ പ്രഭാവതിഅമ്മ തന്നെ സംവിധായകനൊപ്പം എത്തിയിരുന്നു.

കാനിലെ പാം ഡി ഓർ ഉൾപ്പടെ വിവിധ മേളകളിൽ നിന്നായി 15 ലധികം പുരസ്‌കാരങ്ങൾ നേടിയ 'പാരസൈറ്റിന്റെ' ആദ്യ പ്രദർശനവും നിറഞ്ഞ സദസിലായിരുന്നു. വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം ചർച്ച ചെയ്യുന്ന, ബോങ് ജൂൻഹോ സംവിധാനം ചെയ്ത ഈ ദക്ഷിണകൊറിയൻ ചിത്രം ലോകസിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്.ലബനീസ് സംവിധായകനായ അഹമ്മദ് ഗൊസൈന്റെ ഓൾ ദിസ് വിക്ടറിയും ഒലേഗും മികച്ച അഭിപ്രായം നേടി.

മത്സരവിഭാഗത്തിലെ മലയാള ചിത്രമായ ആർ കെ കൃഷാന്ദിന്റെ വൃത്താകൃതിയിലുള്ള ചതുരം, ടൊറന്റോ ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ മൂത്തോൻ (ഗീതു മോഹൻദാസ്), മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഡോ.ബിജുവിന്റെ വെയിൽമരങ്ങൾ എന്നീ മലയാളചിത്രങ്ങളും മൂന്നാം ദിനം പ്രേക്ഷക പ്രീതി നേടി.

ഡോർലോക്ക് ഇന്ന് കാണാം

ദക്ഷിണ കൊറിയയിൽ തരംഗമായ സസ്‌പെൻസ് ത്രില്ലർ ഡോർ ലോക്ക്, സൊളാനസിന്റെ സൗത്ത്,ടോം വാലറിന്റെ ദ കേവ്,1982, ദ ഹോൾട്ട്, ഹവ്വാ മറിയം ആയിഷ, വേർഡിക്സ്, ആദം,ബലൂൺ എന്നീ ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.

നിശാഗന്ധിയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിംഗിൽ ഡോർലോക്കിന്റെ ഏക പ്രദർശവും ഇന്നാണ്. ഏകാകിയായ ക്യുങ് മിന്റെ അപ്പാർട്ട്‌മെന്റെിൽ ഒരു അപരിചിതൻ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലീ ക്വാൺ ആണ് ഈ ഹൊറർ ത്രില്ലറിന്റെ സംവിധായകൻ.

ഫാഹിം ഇർഷാദിന്റെ ആനി മാനി,സെസാർ ഡയസ് സംവിധാനം ചെയ്ത അവർ മദേർസ്, യാങ് പിംഗ് ഡാവോയുടെ മൈ ഡിയർ ഫ്രണ്ട് എന്നീ മത്സരചിത്രങ്ങളുടെ ആദ്യ പ്രദർശനവും ദേ സെ നതിങ് സെസ് ദി സെയിം,ഹോസെ മരിയ കബ്രാലിന്റെ ദി പ്രോജക്ഷനിസ്റ്റ്,മൈക്കിൾ ഐഡോവിന്റെ ദ ഹ്യൂമറിസ്റ്റ് , വൃത്താകൃതിയിലുള്ള ചതുരം എന്നീ മത്സരചിത്രങ്ങളുടെ പുനഃപ്രദർശനവും ഇന്നുണ്ടാകും.

ലോകസിനിമാ വിഭാഗത്തിൽ മുപ്പത്തിയഞ്ചു ചിത്രങ്ങളും, മലയാള സിനിമ ഇന്നിൽ അനുരാജ് മനോഹറിന്റെ ഇഷ്‌ക്ക്, പ്രിയനന്ദനന്റെ സൈലൻസർ, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്‌കാർ ഗോസ് ടു, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച, ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്നീ മലയാള ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്..