നോട്ട് ദ പോയിന്റ്! ഫെസ്റ്റിവലിൽ ഇത്തവണ ലുങ്കിവാലകൾ കുറവാണ്. കാവി, പച്ച, വൈലറ്റ്, കറുപ്പ് ലുങ്കിക്കാരെ അങ്ങിങ്ങ് കണ്ടെങ്കിലും പഴയ ട്രെൻഡിന്റെ തുടർച്ചയായി തോന്നിയില്ല. വേഷംകെട്ടൽ പൊതുവെ കുറവ്. തലയിൽ കെട്ടുമായി വരുന്നവർ തന്നെ കുറവ്. കഴിഞ്ഞ ദിവസം തലയിൽ പൂവൊക്കെ വച്ചുകെട്ടി ഒരു പെൺകുട്ടി ഫോട്ടോഗ്രാഫർമാർക്ക് പോസ് കൊടുക്കുന്നതു കണ്ടു.
അതിനെയെല്ലാം കടത്തിവെട്ടി ഇന്നലെ ഒരു പെണ്മണി ടാഗോറിന്റെ വാതിൽ കടന്നു വന്നു. കുട്ടിഫ്രോക്കാണ് വേഷം. ചെരുപ്പിന് ഒന്നരയടി പൊക്കം വരും. തട്ടുപൊളിപ്പൻ തമിഴ്, തെലുങ്ക് സിനിമയിലെ നായികമാരെ പോലെ ചുവടുവച്ച് അകമ്പടിക്കാർക്കൊപ്പം അവളെത്തി. ആ സമയത്ത് ഫോട്ടോഗ്രാഫർമാരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. ഉള്ളവരൊക്കെ ഒപ്പിയെടുത്തു. ചിലർക്കൊക്കെ അതു പകർത്താൻ ഒരു സങ്കോചം ഉള്ളതുപോലെ. ചിലരൊക്കെ വാ പൊളിച്ചു നിന്നു. മറ്റു ചിലർ മാന്യമായി ഒരു ലുക്കടിച്ചു.
ഈ സമയം കവാടത്തിനടുത്ത് ബാൻഡ് മേളം തകർക്കുന്നു. അപ്പോഴാണ് ഒരു വിരുതൻ ഹെൽമറ്റും ധരിച്ച് തിയേറ്ററിനുള്ളിലേക്ക് കയറുന്നത്. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ മാത്രമാണ് ഇങ്ങനെ ഒരു എൻട്രി ബാഡ്ബോയ് നേരത്തെ കണ്ടിട്ടുള്ളത്.