തിരുവനന്തപുരം: ഈ മാസം സംസ്ഥാനത്തെ റേഷൻ കടകൾ വഴി കുത്തരി വിതരണം ചെയ്യും പച്ചരി ഇല്ല. കേന്ദ്ര സബ്ഡിസി ലഭിക്കാനാണ് കുത്തരി മാത്രം വിതരണം ചെയ്തു തീർക്കുന്നത്.
ഒരു ലക്ഷം ടൺ കുത്തരിയാണു സിവിൽ സപ്ലൈസ് വകുപ്പിന്റെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. സപ്ലൈകോ വഴി സംഭരിച്ച നെല്ല്, മില്ലുകളിൽ കുത്തി അരിയാക്കുന്ന പദ്ധതി പ്രകാരം ലഭിച്ച അരിയാണിത്. ഒരു കിലോ നെല്ലിന് 26.95 രൂപ സബ്സിഡി നൽകുന്നതിൽ 18.15 രൂപ കേന്ദ്രത്തിന്റെയും 8.80 രൂപ കേരളത്തിന്റെയും വിഹിതമാണ്. നെല്ല് അരിയാക്കി വിതരണം ചെയ്താലേ സബ്സിഡി നൽകൂവെന്നാണു കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) ഉടമകൾക്കു സൗജന്യമായും മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്), പൊതുവിഭാഗം സബ്സിഡി (നീല) എന്നിവയ്ക്കു സൗജന്യ നിരക്കിലും മുൻഗണന ഇതര വിഭാഗത്തിനു (വെള്ള) നിശ്ചിത നിരക്കിലും കുത്തരി ലഭിക്കും.
ക്രിസ്മസിനു സ്‌പെഷ്യൽ പഞ്ചസാര വിതരണവുമില്ല. ഓണത്തിനും ഇതു നൽകിയിരുന്നില്ല. എന്നാൽ, മഞ്ഞ കാർഡ് ഉടമകൾക്കു പ്രതിമാസ വിഹിതമായ ഒരു കിലോ പഞ്ചസാര ലഭിക്കും.