തിരുവനന്തപുരം: വൈവിദ്ധ്യമുള്ള പ്രമേയങ്ങൾ സ്വീകരിച്ചാലും സിനിമകളെ വിതരണക്കാരും നിർമ്മാതാക്കളും മുൻവിധിയോടെയാണ് കാണുന്നതെന്ന് സംവിധായകൻ ശ്യാമപ്രസാദ് പറഞ്ഞു. സമാന്തര സിനിമകളെ അംഗീകരിക്കാൻ വിതരണക്കാർ കൂടി ശ്രമിച്ചാൽ മാത്രമേ ഈ രംഗത്തിന് വളർച്ചയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് രണ്ടാംദിവസ മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം ഒന്നിനുമൊരു പരിഹാരമല്ലെന്നും സ്വന്തം സമൂഹം നന്നായാൽ മാത്രമാണ് സമാധാനം പുലരുകയെന്നും ലെബനിസ് ചിത്രമായ ആൾ ദിസ് വിക്ടറിയുടെ സംവിധായകൻ അഹമ്മദ് ഗോസൈൻ പറഞ്ഞു. മനോജ് കാന, കൃഷ്‌ണാന്ദ്, ക്ലാര ബാസ്റ്റോസ്, അഭിനേതാവ് മുരളിചന്ദ്, മീരാ സാഹിബ്, ബാലു കിരിയത്ത് തുടങ്ങിയവർ പങ്കെടുത്തു.