വിഴിഞ്ഞം: വിഴിഞ്ഞം പള്ളിയിലെ ഉറൂസിനിടെ മയക്കുമരുന്ന് ലഹരിയിൽ അക്രമം അഴിച്ചുവിട്ട മൂന്നംഗസംഘത്തിലെ രണ്ടുപേർ പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഹബീബ്(23), വെങ്ങാനൂർ പഞ്ചായത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന ഇൻഷാദ് (21) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ വിഴിഞ്ഞം ടൗൺഷിപ്പിലായിരുന്നു സംഭവം.
മുഹിയുദ്ദീൻ പള്ളി ഉറൂസിനോടനുബന്ധിച്ചുള്ള പട്രോളിംഗിനെത്തിയതായിരുന്നു വിഴിഞ്ഞം പൊലീസ്. ജീപ്പ് റോഡുവക്കിൽ നിറുത്തിയ ശേഷം എസ്.ഐയും സംഘവും കുഴപ്പമുണ്ടാക്കിയവരെ പിടികൂടാൻ പോയ സമയത്തായിരുന്നു ആക്രമണം. പള്ളിക്കരികിൽ ബൈക്കിൽ വന്നിറങ്ങിയ ടൗൺഷിപ്പ് സ്വദേശി മുജീബ് റഹ്മാനെ (45) സംഘം ഇടിച്ച് വീഴ്ത്തി. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ ചോദ്യം ചെയ്ത പൊലീസ് ഡ്രൈവർ സാജനെ മർദ്ദിച്ചവർ യൂണിഫോമും വലിച്ച് കീറി. തുടർന്ന് ജീപ്പിന്റെ മുൻവശത്തെയും സൈഡിലെയും ഗ്ലാസുകൾ തകർക്കുകയും സമീപത്ത് നിറുത്തിയിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും വരുത്തി. കൂടുതൽ പൊലീസ് വരുന്നതറിഞ്ഞ് രക്ഷപ്പെട്ട പ്രതികളിൽ രണ്ടു പേരെ രാത്രിയിൽ തന്നെ പിടികൂടി. ഇവർ നിരവധി കേസുകളിലെ പ്രതികളാണെന്നും മൂന്നാമനായുള്ള തെരച്ചിൽ തുടരുന്നതായും വിഴിഞ്ഞം സി.ഐ പ്രവീൺ പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.