തിരുവനന്തപുരം: നീലക്കടലായി കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം. ഗാലറികളിൽ ആവേശത്തിരമാല. ഇഷ്ടതാരങ്ങളുടെ പേരെഴുതിയ ജഴ്സിയും ഇന്ത്യൻ പതാകയുമേന്തി ആരാധകർ. എന്നാൽ കളി കൈവിട്ടപ്പോൾ അവർ കണ്ണീരോടെ മടങ്ങി
ഇന്ത്യാ- വിൻഡീസ് ടി-20 മത്സരത്തിന്റെ ആവേശപ്പൂരമായിരുന്നു കാര്യവട്ടം സ്പോർട്സ് ഹബിൽ. മഴക്കാറ് മൂടിനിന്ന ആകാശത്തിനു താഴെ അക്ഷരാർത്ഥത്തിൽ കടലിരമ്പമായിരുന്നു. വടക്കൻ ജില്ലകളിൽ നിന്നടക്കം ആരാധകർ രാവിലെ തന്നെ കാര്യവട്ടത്തെത്തി. രണ്ടോടെ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. നാലരയോടെ മുകൾ നിലയിലെ ഗാലറികൾ നിറഞ്ഞുതുടങ്ങി.
അഞ്ചോടെ വിൻഡീസ് ടീം സ്റ്റേഡിയത്തിലെത്തി. വൻ വരവേൽപ്പായിരുന്നു വിൻഡീസിന് കിട്ടിയത്. അഞ്ചരയോടെ ഇന്ത്യൻ ടീം എത്തി. സെൽഫിയെടുക്കാനും താരങ്ങളെ ഒരുനോക്കു കാണാനും ആരാധകർ സ്റ്റേഡിയത്തിനു മുൻവശം കാത്തുനിന്നു. കൈയിൽ മൊബൈലുമായി സെൽഫിയെടുക്കാൻ കാത്തുനിന്ന ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് സംഘവും നിലയുറപ്പിച്ചു. ടീം ബസ് സ്റ്റേഡിയത്തിന്റെ ഗേറ്റ് കടന്നതോടെ ആവേശം കൊടുമുടിയിലായി. സ്റ്റേഡിയത്തിന് മുൻവശത്ത് ബസ് നിറുത്തി താരങ്ങൾ ഇറങ്ങുമെന്നാണ് പൊലീസും ആരാധകരും പ്രതീക്ഷിച്ചത്. എന്നാൽ ടീം ബസ് നേരിട്ട് സ്റ്റേഡിയത്തിനുള്ളിലേക്ക് കയറി. ഗാലറികൾ ഇളകിമറിഞ്ഞു. ഓരോ താരവും ബസിൽ നിന്നിറങ്ങുമ്പോഴും ഗാലറികൾ ആർത്തുവിളിച്ചു. സഞ്ജു... സഞ്ജൂ എന്ന് വിളിച്ച് ഗാലറികൾ ഇളകി. ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഉപനായകൻ രോഹിത് ശർമ്മയ്ക്കും ആർപ്പുവിളികൾ. സഞ്ജു ബസിൽ നിന്നിറങ്ങിയപ്പോഴേക്കും ആരാധകരുടെ ആർപ്പുിളികളുയർന്നു. അഞ്ചേമുക്കാലിന് ഗ്ലൗസുമണിഞ്ഞ് സഞ്ജു പരിശീലനത്തിന് ഗ്രൗണ്ടലിറങ്ങി. അപ്പോഴേക്കും ഗാലറികൾ ഇളകിമറിഞ്ഞു. കൈയുയർത്തി ഗാലറികളെ അഭിവാദ്യം ചെയ്തു കൈ കൂപ്പി നന്ദി പറഞ്ഞും സഞ്ജു ജന്മനാട്ടിനോടുള്ള സ്നേഹവായ്പ് അറിയിച്ചു. കോഹ്ലിയടക്കം താരങ്ങളെല്ലാം ഗ്രൗണ്ടിലിറങ്ങി പരിശീലനത്തിൽ മുഴുകി. ഫുട്ബാൾ പരിശീലനമാണ് കോഹ്ലിയും സംഘവും നടത്തിയത്. വിൻഡീസാകട്ടെ ബാറ്റിംഗ്, ഫീൽഡിംഗ് പരിശീലനത്തിൽ മുഴുകി.
ആദ്യപന്തു മുതൽ ഗാലറികൾ ആർത്തുവിളിച്ചു. രോഹിത് ശർമ്മയുടെ ബൗണ്ടറി കാതടപ്പിക്കുന്ന ആരവത്തോടെയാണ് ആരാധകർ ഏറ്റുവാങ്ങിയത്. നാലാം ഓവറിലെ ആദ്യപന്തിൽ കെ.എൽ.രാഹുൽ ഔട്ടായപ്പോൾ ആരാധകർ നിശബ്ദരായി. മൂന്നാമനായി കൊഹ്ലിയെ പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് സർപ്രൈസായി ഇറങ്ങിയത് ശിവം ദുബെ. ആർപ്പുവിളികളോടെയാണ് കാര്യവട്ടം ദുബൈെ സ്വീകരിച്ചത്. ദുബെയുടെ ഓരോ ഷോട്ടിനും ഗാലറി ഇളകിമറിഞ്ഞു. കീറോൺ പൊള്ളാർഡിന്റെ പന്തുകളിൽ റണ്ണെടുക്കാതെ തുടർച്ചയായി പാഴാക്കിയപ്പോൾ ദുബൈയ്ക്ക് കൂവലും കിട്ടി.
തുടർച്ചയായി ബൗണ്ടറികളുമായി വിൻഡീസ് വെടിക്കെട്ട് തുടർന്നതോടെ ആരാധകർ കളി തീരുംമുൻപേ സ്റ്റേഡിയം വിട്ടു. രാത്രി പത്തേകാലോടെ എല്ലാ ഗാലറികളിൽ നിന്നും കാണികൾ പുറത്തേക്കൊഴുകി. വിൻഡീസ് തകർത്തടിച്ചപ്പോൾ ഗാലറികൾ നിശബ്ദമായി.