തിരുവനന്തപുരം: സുന്ദരമായ ഓർമ്മകളുമായാണ് തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതെന്നും നിർഭാഗ്യവശാൽ മത്സരം നഷ്ടമായെന്നും ഇന്ത്യൻ ടീമംഗം ശിവന്ത് ദുബെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്ക് വളരെ സ്പെഷ്യലാണ് തിരുവനന്തപുരം. ആദ്യ ടി-20 അർദ്ധസെഞ്ച്വറിയാണ് കാര്യവട്ടത്ത് പിറന്നത്. ക്യാച്ചുകൾ കൈവിടുന്നത് ഏത് മത്സരത്തിന്റെയും ഭാഗമാണ്. ടീം ഇന്ത്യയാണ് ഏറ്റവും മികച്ച ടീം. അടുത്ത മത്സരത്തിൽ തിരിച്ചുവരും. ടോസ് നേടാനായില്ലെന്നത് വിജയത്തെ സ്വാധീനിക്കുന്ന ഘടകമല്ല. പക്ഷേ ഏത് ടീമിനും എളുപ്പം ചേസിംഗാണ്.

മൂന്നാം നമ്പറിൽ ഇറങ്ങിയത് തന്നെ സംബന്ധിച്ച് ഒരു ബിഗ് ഡീലായിരുന്നു. സമ്മർദ്ദമുണ്ടായിരുന്നെങ്കിലും നന്നായി കളിക്കാനായി. വലിയ ഗ്രൗണ്ടാണ് കാര്യവട്ടത്തേത്. ഏത് ഗ്രൗണ്ടിലും മികച്ച കളി പുറത്തെടുക്കാൻ തനിക്കാവും. തുടക്കത്തിൽ റൺസ് കണ്ടെത്താൻ പതറിയപ്പോൾ രോഹിത് തനിക്കടുത്തെത്തി, പരിഭ്രമം വേണ്ടെന്നും മികച്ച കളി പുറത്തെടുക്കാനും ഉപദേശിച്ചു- ദുബെ വെളിപ്പെടുത്തി.