തിരുവനന്തപുരം: കൊഹ്ലിയുടെയും രോഹിതിന്റെയും ബാറ്റിംഗ് പ്രകടനം പ്രതീക്ഷിച്ച് കാര്യവട്ടത്തെത്തിയ ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ പകർന്ന് ഇന്ത്യയുടെ തോൽവി. എങ്കിലും കണ്ണിന് വിരുന്നായി പുത്തൻ താരത്തിന്റെ ബാറ്റിംഗ് വിരുന്ന്. വൺ ഡൗണായി ഇറങ്ങി 30 പന്തിൽ നിന്നും 54 റൺസെടുത്ത ആൾറൗണ്ടർ ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗാണ് വിൻഡീസിനെതിരെ ഇന്ത്യക്ക് പൊരുതാവുന്ന സ്കോർസമ്മാനിച്ചത്. 4 സിക്സറും 3 ബൗണ്ടറിയുമടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്സ്. അഞ്ചാമനായി ഇറങ്ങി 22 പന്തിൽ നിന്നും 32 റൺസ് നേടിയ ഋഷഭ് പന്താണ് മറ്റൊരു പ്രധാന സ്കോറർ. ഇന്ത്യ 20 ഓവറിൽ7 വിക്കറ്റിന് 170 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 11 ഓവറിൽ ഒരു വിക്കറ്റിന് 83 റൺസെടുത്തിട്ടുണ്ട്.
നേരത്തെ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പിച്ചിലെ നനവ് മുതലെടുത്ത് തുടക്കത്തിൽ നന്നായി ബൗൾ ചെയ്ത വിൻഡീസ് ബൗളർമാർ റൺ വിട്ടുകൊടുക്കാൻ പിശുക്ക് കാട്ടി. നാലാം ഓവറിൽ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കുകയും ചെയ്തു. കാറി പിയറിയുടെ പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ച് ഡീപ് സ്ക്വയർ ലെഗിൽ ഹെറ്റ്മെയറിന് ക്യാച്ച്. 11 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. ആദ്യവിക്കറ്റിൽഇന്ത്യ നേടിയത് 24 റൺസ്. താളം കണ്ടെത്താൻ വിഷമിച്ച രോഹിത് ശർമ്മയുടെ വിക്കറ്റും അധികം വൈകാതെ വീണു. ഫസ്റ്റ് ബൗളിംഗ് ചേഞ്ചായി വന്ന ജേസൺ ഹോൾഡറിന്റെ പന്തിലസ്കൂപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച രോഹിത് ക്ലീൻ ബൗൾഡാകുകയായിരുന്നു. 18 പന്തിൽ15 റണ്സായിരുന്നു രോഹിത് നേടിയത്. 7 ഓവറിൽ 45 ന് രണ്ട് എന്നതായിരുന്നു ഈ ഘട്ടത്തിൽ ഇന്ത്യയുടെ സ്കോർ.
എട്ടാം ഓവറിന്റെ ആദ്യ രണ്ട് പന്തുകളിൽ ബൗണ്ടറിയും സിക്സറും പറത്തി ശിവം ദുബെയാണ് സ്കോർബോർഡിന് ചലനമുണ്ടാക്കിയത്. ഇതോടെ കാര്യമായ ഓളമുണ്ടാകാതിരുന്ന ഗാലറിയും ഉണർന്നു. ഒമ്പതാം ഓവറിൽ വിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിനെ ദുബെ തുടർ്ചയായി മൂന്നു സിക്സറുകൾ പറത്തി. കാര്യവട്ടം സ്റ്റേഡിയത്തിലെ ഗാലറികൾ ആവേശത്താൽ ഇളകിമറിഞ്ഞ ഈ ഓവറിൽ പിറന്നത് 26 റൺസ്. ഇന്ത്യൻ ഇന്നിംഗ്സിൽ കൂടുതൽ റൺസ് പിറന്ന ഓവറും ഇതുതന്നെ. ഇതോടെ ദുബെ ഗാലറിയുടെ താരമായി. പത്താം ഓവറിൽ ദുബെ ട്വന്റി-20യിലെ ആദ്യ അർദ്ധ സെഞ്ച്വറി തികച്ചു. 27 പന്തുകളിൽ നിന്നായിരുന്നു ഇത്. പതിനൊന്നാം ഓവറിൽ ഇന്ത്യയുടെ സ്കോർ 100 കടന്നു. ഇന്ത്യൻ ഇന്നിംഗ്സ് 200 കടക്കുമെന്ന് പ്രതീക്ഷിച്ച ഈ ഘട്ടത്തിൽ അതിവേഗം ബാറ്റ് വീശിക്കൊണ്ടിരുന്ന ദുബെ പുറത്തായി. ഇതോടെ സ്കോറിംഗ് വേഗതയും കുറഞ്ഞു. 14-ാം ഓവറിൽ19 റൺസെടുത്തു നിന്ന കൊഹ്ലി കൂടി പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്സ് പിറകോട്ടടിച്ചു. പിന്നീട് മുറയ്ക്ക് വിക്കറ്റുകൾവീണു. ശ്രേയസ് അയ്യർ (10), രവീന്ദ്ര ജഡേജ (9) വാഷിംഗ്ടൺ സുന്ദർ (0) എന്നിവരെല്ലാം സ്കോർ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. അവസാന ഓവറുകളിൽ വൻ ഷോട്ടുകൾ കളിക്കുന്നതിൽ ഋഷഭ് പന്തും പരാജയപ്പെട്ടതോടെ സ്കോർ 170ൽ ഒതുങ്ങി.
വിൻഡീസ് നിരയിൽ 4 ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ഷെൽഡൺ കോട്രലും കൊഹ്ലിയുടേതടക്കം രണ്ട് വിക്കറ്റ് നേടിയ കെസ്രിക് വില്യംസും രണ്ട് വിക്കറ്റ് നേടിയ ഹെയ്ഡൻ വാൽഷും തിളങ്ങി.
മറുപടി ബാറ്റിംഗിൽ അതിവേഗം റൺസടിച്ചു കൂട്ടിയ വിൻഡീസ് ഓപ്പണർമാർ ഇന്ത്യൻ ബൗളർമാരെ കാഴ്ചക്കാരാക്കി. ആദ്യവിക്കറ്റിൽ 10 വഓവറിൽ 73 റൺസാണ് വിൻഡീസ് ഓപ്പണർമാരായ സിമ്മൺസും ലൂയിസും ചേർന്ന് നേടിയത്.
45 പന്തിൽ 4 സിക്സറും 4 ബൗണ്ടറിയും സഹിതം 67 റൺസുമായി പുറത്താകാതെ നിന്ന ലെൻഡൽ സിമ്മൺസ് ആണ് കളിയിലെ കേമൻ. എവിൻ ലൂയിസ് 35 പന്തിൽ 40 (3 സിക്സർ, 3 ഫോർ), ഷിമ്രോൺ ഹെറ്റ്മെയർ 14 പന്തിൽ 23 (3 സിക്സർ), നിക്കോളാസ് പുരാൻ 18 പന്തിൽ 38 (4 ഫോർ, 2 സിക്സർ) എന്നിവരാണ് വിൻഡീസിന്റെ സ്കോറർമാർ. ഇന്ത്യൻ ബൗളർമാർക്ക് യാതൊരു പഴുതും നൽകാതെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച വിൻഡീസ് ഓപ്പണർമാർ 10 ഓവറിൽ നേടിയത് 73 റൺസ്. ലൂയിസ് പുറത്തായതിനു ശേഷമെത്തിയ ഹെറ്റ്മെയറും പുരാനും അതേ ഒഴുക്കിൽ തന്നെ ബാറ്റ് വീശി. നാല് വിൻഡീസ് ബാറ്റ്സ്മാർ ചേർന്ന് ഗാലറിയിലേക്ക് പന്തു പറത്തിയത് 12 തവണ. ഒരു ഘട്ടത്തിൽ പോലും വിജയപ്രതീക്ഷ പുലർത്താതെയാണ് ഇന്ത്യ കീഴടങ്ങിയത്. 4 ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണൺ സുന്ദർ ഒഴികെയുള്ള ഇന്ത്യൻ ബൗളർമാരെല്ലാം കണക്കിന് തല്ലുവാങ്ങി.