തിരുവനന്തപുരം: മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് മണ്ണന്തല നാലാഞ്ചിറ ചെഞ്ചേരി കുറുങ്കുളം ലൈൻ സി.സി.ആർ.എ 101ൽ ഗൗരീശത്തിൽ ജയന്തിയുടെ വീട്ടിൽ നിന്ന് 15 പവനും 14,000 രൂപയും മോഷണം പോയി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജയന്തിയും ഭർത്താവ് രാധാകൃഷ്ണൻനായരും ചാലയിലെ മകന്റെ വീട്ടിലാണ് രാത്രി കഴിയുന്നത്. ഇന്നലെയും ഇവർ പതിവുപോലെ വൈകുന്നേരം മകന്റെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ 8മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. രാധാകൃഷ്ണൻനായർ അറിയിച്ചതനുസരിച്ച് മണ്ണന്തല പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദർ രാവിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും. വീട്ടിലെ സി.സി ടി.വി കാമറകളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.