novel

''ങ്‌ഹേ?"

ശേഖരൻ ഞെട്ടിത്തിരിഞ്ഞു.

പിന്നിൽ കരിഞ്ഞതുപോലെ ഒരു മനുഷ്യരൂപം നിൽക്കുന്നു!

''നിധിയെടുത്ത് ക്ഷീണിച്ചു. അല്ലേ?"

ചോദിക്കുമ്പോൾ ആ രൂപത്തിന്റെ പല്ലുകൾ ഇളകുന്നുണ്ടോയെന്ന് ശേഖരനു തോന്നി.

''അയ്യോ...."

ശേഖരന്റെ അലർച്ച തൊണ്ടയിൽ നിന്നു പുറത്തുവന്നില്ല.

ഒരു ചാക്കുകെട്ട് മറിയുന്നതുപോലെ അയാൾ തറയിൽ വീണു...

കുറച്ചുനേരം കഴിഞ്ഞിട്ടും അനുജൻ തിരിച്ചെത്താത്തതിൽ ദേഷ്യം തോന്നി ശ്രീനിവാസകിടാവിന്.

നിലവറയിലെ ദുർഗ്ഗന്ധം കാരണം അവിടെ നിൽക്കുവാൻ പോലും കഴിയാത്ത അവസ്ഥ!

ശ്രീനിവാസകിടാവ് കല്ലറയ്ക്കു മുകളിൽ നിന്നിറങ്ങി.

''ത്‌ഫൂ..."

ഒന്നു നീട്ടിത്തുപ്പിക്കൊണ്ട് എമർജൻസി ലാംപ് എടുത്തു.

പിന്നെ പുറത്തേക്കു നടന്നു.

നിലവറയ്ക്കു പുറത്തു വന്ന് ശബ്ദം താഴ്‌ത്തി വിളിച്ചു.

''ശേഖരാ..."

മറുപടിയില്ല.

കിടാവിനു ഭീതി തോന്നി.

യശോധരനെപ്പോലെ തന്റെ അനുജനും എന്തെങ്കിലും അപകടം...

വെള്ളമെടുക്കുവാൻ അവൻ അടുക്കളയിലേക്ക് ആയിരിക്കില്ലേ പോയിരിക്കുക...?

കിടാവ് അവിടേക്കു ചെന്നു.

അടുക്കളയിലെ തറയിൽ ബോധമറ്റുകിടക്കുന്ന ശേഖരനെ കണ്ടു.

''എടാ..."

ദേഷ്യത്തോടെ കിടാവ് സിങ്കിലെ പൈപ്പിൽ നിന്നു വെള്ളം പിടിച്ച് അയാളുടെ മുഖത്തേക്കൊഴിച്ചു.

''അയ്യോ... പ്രേതം..."

അലർച്ചയോടെ ശേഖരൻ കണ്ണുതുറന്നു.

''എടാ ഇത് ഞാനാ..."

കിടാവ് അനുജന് ഒരു ചവിട്ടു കൊടുത്തു.

സ്വബോധം വീണ്ടുകിട്ടിയ ശേഖരൻ ചാടിയെഴുന്നേറ്റു.

''ഞാൻ കണ്ടതോ ചേട്ടാ..."

''എന്തു കണ്ടെന്ന്?"

''പ്രേതത്തെ..."

'' പ്രേതം."

കിടാവിന്റെ പല്ലുകൾ ഞെരിഞ്ഞു.

ശേഖരൻ പെട്ടെന്ന് ഒരു കുപ്പി വെള്ളമെടുത്ത് വായിലേക്കു ചരിച്ചു.

ഒരു കടൽ കുടിച്ചു വറ്റിക്കാനുള്ള പാരവശ്യം ഉണ്ടായതുപോലെ!

ആ കുപ്പിയിലെ മുഴുവൻ വെള്ളവും അയാൾ കുടിച്ചു തീർത്തു.

ശ്രീനിവാസകിടാവും വെള്ളം കുടിച്ചു.

അനുജൻ അപ്പോഴും വിറയ്ക്കുന്നുണ്ടെന്നും അയാളുടെ മുഖം ഭീതിയാൽ വിളറിയിരിക്കുന്നുവെന്നും കിടാവു കണ്ടു.

''നീ വന്നേ..."

കിടാവ് അനുജനെ കൈപിടിച്ച് ഡൈനിങ് ടേബിളിനരുകിലെ കസേരയിൽ കൊണ്ടിരുത്തി.

''ഇനി പറ. എന്താ ഉണ്ടായത്?"

തനിക്ക് സംഭവിച്ചത് ശേഖരൻ ചേട്ടനോടു പറഞ്ഞു.

''ശരിക്കും?" കിടാവിന് അപ്പോഴും വിശ്വസിക്കുവാൻ കഴിയുന്നില്ല. ''പ്രേതം എന്നു പറയുന്നത് ശരീരമില്ലാത്ത ഒന്നല്ലേടാ? അതായത് ആത്മാവ്. ശരീരമില്ലാത്ത ഒന്നിന് നിന്നെ എങ്ങനെ സ്പർശിക്കാൻ കഴിയും?"

''ഒരു തർക്കത്തിന് ഞാനില്ല. എന്നാൽ എനിക്കുണ്ടായ അനുഭവം... എന്റെ സ്ഥാനത്ത് ചേട്ടനായിരുന്നെങ്കിലും ഇങ്ങനെതന്നെ സംഭവിച്ചേനെ."

അപ്പോഴും വിശ്വസിക്കുവാൻ കഴിയാത്തതുപോലെ ശ്രീനിവാസകിടാവ് തല കുടഞ്ഞുകൊണ്ടിരുന്നു.

''ഇന്നിനി ഒന്നിനും മൂഡില്ല. ആട്ടെ നീ കണ്ടെന്നു പറഞ്ഞ രൂപത്തിന് നമ്മൾ നേരത്തെ കണ്ടിട്ടുള്ള ആരുടെയെങ്കിലും മുഖഛായ തോന്നിയോ?"

'മുഖത്തിൽ എന്ത് കാര്യമിരിക്കുന്നു കിടാവേ?"

പൊടുന്നനെ കോവിലകത്തെ നടുക്കം കൊള്ളിച്ചുകൊണ്ട് ഒരു ചോദ്യം.

കിടാക്കന്മാർ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു.

ആ ശബ്ദം വീണ്ടും കേട്ടു.

''ശരിക്കുള്ള മുഖം നീയൊക്കെ ചേർന്നു നശിപ്പിച്ചു കളഞ്ഞെങ്കിൽ പിന്നെ മുഖത്തിന് എന്തു പ്രസക്തി?"

''ശേഖരാ ... വാടാ..."

അടുത്ത നിമിഷം കിടാവ് അനുജന്റെ കൈ പിടിച്ചുകൊണ്ട് ഓടി.

പിന്നിൽ പൊട്ടിച്ചിരിയുടെ അലകൾ നൂറുനൂറായി പ്രതിധ്വനിച്ചു.

''ഇങ്ങനെ നീ എവിടെ വരെ ഓടും ശേഖരാ? കൂടിയാൽ ഈ കോവിലകത്തിന്റെ ഓരോ വാതിലും വരെ. അതിനപ്പുറത്തെ പുറം ലോകം നിനക്ക് അന്യമായിക്കഴിഞ്ഞു. നേരത്തെ ഞാൻ പറഞ്ഞില്ലേ... ഇതിനുള്ളിൽത്തന്നെ നിങ്ങടെ അന്ത്യം."

ഏത് ദിക്കിൽ എന്നു തിരിച്ചറിയാനാവാത്ത ആ ശബ്ദം അവരെ പിൻതുടർന്നു.

കിടാക്കന്മാർ തങ്ങൾ കിടക്കാറുള്ള മുറിയിലേക്കു പാഞ്ഞുകയറി വാതിൽ കൊട്ടിയടച്ചു.

ശ്രീനിവാസകിടാവ് വാതിൽപ്പാളിയിൽ ചാരിനിന്നു കിതച്ചു...

''ഇപ്പോൾ ചേട്ടൻ എന്തുപറയുന്നു?" അനുജന്റെ ചോദ്യത്തിന് ഉത്തരം നൽകിയില്ല കിടാവ്!

അതിന് അയാൾക്കു നാവു വഴങ്ങിയില്ല...

നാക്ക് വായിൽ ഒട്ടിപ്പിടിച്ചതു പോലെ...

നിലവറയിലെ ദുർഗ്ഗന്ധം തുറന്നുകിടന്നിരുന്ന വാതിൽ വഴി കോവിലകത്തിനുള്ളിലേക്കും പ്രവേശിക്കുകയായിരുന്നു...

പുലർച്ചെ 4 മണി.

ബലഭദ്രൻ തമ്പുരാനും മറ്റും സഞ്ചരിച്ച കാർ ബംഗളൂരു മെഡിക്കൽ കോളേജിനു മുന്നിൽ ബ്രേക്കിട്ടു.

പാരവശ്യത്തോടെ തമ്പുരാനും തമ്പുരാട്ടിമാരും ചാടിയിറങ്ങി.

റിസപ്‌ഷനിൽ ബലഭദ്രൻ വിവരം തിരക്കി.

അവർ കാഷ്വാലിറ്റിയിലേക്കു പറഞ്ഞയച്ചു.

അവിടെ വാതിലിനു പുറത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു.

''കേരളത്തിൽ നിന്നു വന്നവരാണോ?" അയാൾ തിരക്കി.

''അതെ..."

പെട്ടെന്ന് തെല്ല് അകലെയിരുന്ന ചന്ദ്രമൗലി ചാടിയെണീറ്റ് അയാൾക്ക് അരുകിലേക്ക് ഓടിയെത്തി.

''ദേവനന്ദയുടെ ഫാദറാണോ?"

''ങാ." തമ്പുരാന്റെ പുരികം ചുളിഞ്ഞു. ''നീ...?"

''ഞാൻ ചന്ദ്രമൗലി. ഞാനും നന്ദയും ഒന്നിച്ചാ..."

ബാക്കി പറയും മുൻപ് തമ്പുരാൻ കൈവീശി ഒറ്റയടി. ചന്ദ്രമൗലി ചുരുണ്ടുകൂടി തറയിൽ വീണു.

(തുടരും)