health

മഞ്ഞുകാലത്തെ ഏറ്റവും വലിയ പ്രശ്നം തൊലിയുടെ വരൾച്ചയാണ്.

ത്വക്കിലെ ജലാംശം തിരിച്ചുപിടിക്കാൻ ഏറ്റവും നല്ലത് വെള്ളം തന്നെയാണ്. നല്ലതുപോലെ ദേഹത്ത് വെളിച്ചെണ്ണ പുരട്ടി കുളിക്കുന്നതാണ് തണുപ്പുകാലത്ത് ചെയ്യാവുന്ന ഏറ്റവും നല്ല ചർമ്മസംരക്ഷണ മാർഗം.വീര്യം കുറഞ്ഞ സോപ്പോ, പയറുപൊടിയോ കുളിക്കുമ്പോൾ ഉപയോഗിക്കാം.

മോയിസ്ചറേസേഴ്സ്

ഇവ ത്വക്കിന് ഇലാസ്തികയും സ്നിഗ്ദ്ധതയും നൽകുന്നു. കുളി കഴിഞ്ഞ് ഈർപ്പം ശരീരത്തിൽ നിന്ന് മാറുന്നതിനു മുമ്പ് ഇവ ഉപയോഗിച്ചാൽ അത് ചർമ്മത്തിന് കൂടുതൽ മൃദുത്വം നൽകുന്നു. മിനറൽ ഓയിലുകൾ, യൂറിയ, ലാക്ടിക് ആസിഡ് എന്നിവ തൊലിയുടെ പുറം പാളികൾക്ക് ജലത്തിനെ കൂടുതൽ സമയം പിടിച്ചുനിറുത്താനുള്ള സൗകര്യം നൽകുന്നു. ഇതിലൂടെ ത്വക്കിന്റെ വരൾച്ച തടയാനും കഴിയുന്നു. കറ്റാർ വാഴപോളയുടെ നീര്, ജൊജോബ ഓയിൽ, വിറ്റാമിൻ ഇ എന്നീ വസ്തുക്കൾ ഈയൊരു പ്രയോജനത്തിനുവേണ്ടി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

തണുപ്പുകാലത്ത് വെയിലിന് ചൂട് കൂടുതലുണ്ടാകും. ഹാനികരമായ അൾട്രാവയലറ്റ് പ്രകാശരശ്മികൾ സൂര്യപ്രകാശത്തിൽ കൂടുതലായി കാണും. അതിനാൽ ഇൗ സമയം പുറത്തിറങ്ങുമ്പോൾ സൺ സ്‌ക്രീൻ പുരട്ടുന്നതാണ് ഉത്തമം. കുടയും സൺ ഗ്ളാസും കൂടിയുണ്ടെങ്കിൽ കൂടുതൽ പ്രയോജനം കിട്ടും.
കൂടുതൽ തവണ സോപ്പുപയോഗിച്ച് കുളിക്കുന്നത്, തൊലി വരളാൻ ഇടയാക്കും. കൈകൾ പലതവണ കഴുകേണ്ടി വരുന്ന ജോലിയിലേർപ്പെടുന്നവർക്ക് ഓരോ തവണയും കൈകഴുകിയതിന് ശേഷം ഒരു മോയ്‌സ്‌ചറൈസർ തേക്കുന്നത് നല്ലതാണ്.

സോപ്പിലുമുണ്ട് കാര്യം അതേക്കുറിച്ച് നാളെ

ഡോ. ശ്രീരേഖാ പണിക്കർ

ഡെർമറ്റോളജിസ്റ്റ്

എസ്.യു.ടി ഹോസ്പിറ്റൽ,

പട്ടം, തിരുവനന്തപുരം

ഫോൺ: 0471 407 7777.