skunk

ഫ്ളോറിഡയിലെ സാറസോട്ട കൗണ്ടിയിലെ പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് ഫോട്ടോകളോടു കൂടിയ ഒരു കത്ത് ലഭിച്ചു. ഒരു സ്ത്രീയുടേതായിരുന്നു കത്ത്. കത്തിനുള്ളിലെ ഫോട്ടോയിൽ കാണുന്ന ജീവി രാത്രി തന്റെ വീട്ടിലെത്തുന്നുണ്ടെന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന ആപ്പിളുകളുമായി കടന്നു കളഞ്ഞെന്നും അവർ ആരോപിച്ചു. ഫ്ലോറിഡയിലും സമീപ സംസ്ഥാനങ്ങളിലും ഉണ്ടെന്ന് പറയപ്പെടുന്ന 'സ്കങ്ക് ഏപ് ' എന്ന വിചിത്ര ജീവിയോ അല്ലെങ്കിൽ മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട ഓറാങ്ങ് ഊട്ടാനോ ആകാം ഇതെന്ന് അവർ കത്തിൽ പറഞ്ഞു. 2000ത്തിലാണ് ഈ സംഭവം ഉണ്ടായത്. കത്തെഴുതിയ സ്ത്രീ പേര് വെളിപ്പെടുത്താതിരുന്നതിനാൽ ഇത് വെറും തട്ടിപ്പാണെന്ന് പലരും പറഞ്ഞു. ശരിക്കും എന്താണ് സ്കങ്ക് ഏപ്..?
സ്വാംപ് കാബേജ് മാൻ, സ്‌റ്റിങ്ക് ഏപ്, ഫ്ലോറിഡ ബിഗ്ഫൂട്ട് തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്ന വിചിത്ര ജീവിയാണ് സ്കങ്ക് ഏപ്. ഫ്ലോറിഡ, നോർത്ത് കാരലീന, ആർക്കാൻസസ് സംസ്ഥാനങ്ങളിലാണ് ആൾക്കുരങ്ങിന് സമാനമായ ഈ ജീവി ഉണ്ടെന്ന് കരുതുന്നത്. ഇവയ്‌ക്ക് അമേരിക്കയിൽ കാണുന്ന ' സ്കങ്ക് ' എന്ന സസ്‌തനി പുറപ്പെടുവിക്കുന്ന പോലെ ദുർഗന്ധം ഉണ്ടത്രെ. 1960കളിലും 1970കളിലും സ്കങ്ക് ഏപിനെ കണ്ടതായുള്ള റിപ്പോർട്ടുകൾ സജീവമായിരുന്നു. 1974ൽ ഫ്ലോറിഡയിലെ ഡേഡ് കൗണ്ടിയിലെ നഗരപ്രാന്തപ്രദേശങ്ങളിൽ രാത്രി സമയം രണ്ട് കാലിൽ നടക്കുന്ന രോമാവൃതമായ ശരീരവും ചീഞ്ഞ ദുർഗന്ധത്തോടും കൂടിയ സ്കങ്ക് ഏപിനെ കണ്ടതായി വാർത്തകൾ ഉണ്ടായിരുന്നു. രാത്രി ഫ്ലോറിഡയിലെ റോഡുകളിൽ പല വാഹനയാത്രികരും സ്കങ്ക് ഏപിനെ കണ്ടതായി അവകാശപ്പെട്ടു. തങ്ങൾ കണ്ടത് ഒരു കരടിയെ അല്ലെന്നും മറ്റെന്തോ തരം ജീവിയാണെന്നും ചിലർ ഉറപ്പിച്ചു പറഞ്ഞു. ചിലർ ഇതിന്റെ ചിത്രം പകർത്താനും ശ്രമിച്ചു. വലിയ ആൾക്കുരങ്ങിന്റെ രൂപമുള്ള സ്കങ്ക് ഏപ് മനുഷ്യനെ പോലെ രണ്ടു കാലിൽ നിവർന്നാണ് നടക്കുന്നതത്രെ.

ഒരു മരത്തിന്റെ ശിഖരത്തിൽ നിന്നും ലഭിച്ച സ്കങ്ക് ഏപിന്റേതെന്ന് കരുതുന്ന രോമങ്ങൾ ഡി.എൻ.എ പരിധോനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഈ രോമങ്ങൾ നായ, പൂച്ച, കരടി, സ്കങ്ക്, ചിമ്പാൻസി, ഗോറില്ല, മനുഷ്യൻ എന്നിവയുടേതല്ലെന്നായിരുന്നു ഫലം. രോമങ്ങൾ കൃത്രിമമല്ലെന്നും ഗവേഷകർ വ്യക്തമാക്കി. ഇത് സ്കങ്ക് ഏപിന്റേതെന്നാണ് ചിലരുടെ വിശ്വാസം. ഹിമാലയത്തിൽ യതിയെന്ന പോലെ അമേരിക്കക്കാർക്കിടയിൽ ഏറെ പ്രചാരത്തിലുള്ള ബിഗ്ഫൂട്ട് എന്ന വിചിത്ര ജീവിയാകാം സ്കങ്ക് ഏപ് എന്ന് മറ്റു ചിലർ വാദിക്കുന്നുണ്ട്. വലിയ കറുത്ത കരടിയെ ഒരുപക്ഷേ, ആളുകൾ തെറ്റിദ്ധരിച്ചതാകാമെന്നും സ്കങ്ക് ഏപ് ഒരു സാങ്കല്പിക സൃഷ്‌ടിയാണെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.