ബഹിരാകാശ ഗവേഷണ വികസനരംഗത്ത് കഴിഞ്ഞ കാൽനൂറ്റാണ്ട് വൻ കുതിപ്പാണ് ഇന്ത്യ നടത്തിയത്. ഇൗ വിപ്ളവകരമായ മാറ്റത്തിന് അടിസ്ഥാനമായത് പി.എസ്.എൽ. വി. എന്ന വിക്ഷേപണറോക്കറ്റിന്റെ കണ്ടുപിടിത്തമാണ്. ബഹിരാകാശവിക്ഷേപണരംഗത്ത് ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകിയത് പി.എസ്.എൽ.വി.യുടെ തുടർച്ചയായ വിജയങ്ങളാണ്. പിന്നീട് ധൈര്യത്തോടെ ജി.എസ്.എൽ.വി. പോലുള്ളകൂറ്റൻ റോക്കറ്റുകൾ വികസിപ്പിക്കാനും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വരെ പേടകങ്ങൾ അയക്കാനും അമേരിക്കയുൾപ്പെടെയുള്ളരാജ്യങ്ങളിൽ നിന്നുള്ള ഉപഗ്രഹങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കാനുള്ള കരാറുകൾ ഏറ്റെടുക്കാനും ഇന്ത്യയെ പ്രാപ്തമാക്കിയത് പി.എസ്.എൽ.വി യാണ്. ആ പി.എസ്. എൽ.വി ഇപ്പോൾ ചരിത്രത്തിലെ അൻപതാം കുതിപ്പിനൊരുങ്ങുകയാണ്. റിസാറ്റ് ഉപഗ്രഹവുമായി പി.എസ്.എൽ.വി. നാളെകുതിക്കുമ്പോൾ ഇന്ത്യയൊട്ടാകെയുള്ള ശാസ്ത്രജ്‌ഞർ അഭിമാനത്തോടെയാണത് നോക്കികാണുക.
ബഹിരാകാശത്തെ ഇന്ത്യയുടെ പടക്കുതിര
ഒരു റോക്കറ്റിൽ വ്യത്യസ്ത ഭ്രമണപഥങ്ങളിൽ വിക്ഷേപിക്കുന്നത് പോലുള്ള സങ്കീർണമായ ദൗത്യങ്ങൾക്ക് അനുയോജ്യമായ വിക്ഷേപണ റോക്കറ്റെന്ന നിലയിലാണ് പി.എസ്.എൽ.വി.യെ പടക്കുതിര എന്ന് വിശേഷിപ്പിക്കുന്നത്. ആകാശത്ത് എന്ത് അഭ്യാസവും കാണിക്കാൻ ഇന്ത്യയ്ക്കും ഐ.എസ്.ആർ.ഒയ്ക്കുംആത്മവിശ്വാസമേകുന്നത് പി.എസ്. എൽ.വി യാണ്. ലോകത്തെ ഇടത്തരം വിക്ഷേപണ റോക്കറ്റുകളിൽ വിശ്വാസ്യതയിൽ ഒന്നാം സ്ഥാനത്താണ് പി. എസ്.എൽ.വി. അതുകൊണ്ടാണ് 26 വർഷത്തെ ചരിത്രത്തിൽ 20 രാജ്യങ്ങളിലെ 70 സ്ഥാപനങ്ങളിൽ നിന്നായി 310 ഉപഗ്രഹങ്ങൾ പി.എസ്.എൽ.വി ബഹിരാകാശത്തെത്തിച്ചത്. ഇന്ത്യയുടെ 40 ഉപഗ്രഹങ്ങളുമെത്തിച്ചു. ധ്രുവീയ ഭ്രമണപഥത്തിൽ വിദൂരസംവേദന ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് തയ്യാറാക്കിയ പി.എസ്.എൽ.വി. നിരവധി തവണ ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥത്തിൽ വിക്ഷേപിച്ചു. 87 ഉം 104ഉം 35 ഉം ഉപഗ്രഹങ്ങളുമായി ആകാശത്തേക്ക് പലതവണ പറന്നുപൊങ്ങി. 49 വിക്ഷേപണങ്ങളിൽ പരാജയപ്പെട്ടത് രണ്ടെണ്ണം മാത്രം. ആദ്യത്തെ വികസനപറക്കൽ ഒഴിവാക്കിയാൽ അൻപത് വിക്ഷേപണങ്ങളുടെ ചരിത്രത്തിൽ പരാജയപ്പെട്ടത് ഒന്നുമാത്രം.
തുടക്കം അബ്ദുൾ കലാമിൽ നിന്ന്
1976 ൽ എ.പി.ജെ.അബ്ദുൾ കലാമും എം.എസ്. ആർ. ദേവും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് പി.എസ്.എൽ.വി വിക്ഷേപണവാഹനത്തിന്റെ ആദ്യരൂപരേഖയുണ്ടായത്. ഇത് യാഥാർത്ഥ്യമാക്കാൻ വി.എസ്.എസ്. സി.ഡയറക്ടറായിരുന്ന ഡോ. ബ്രഹ്മപ്രകാശ് നിർദ്ദേശിച്ചതനുസരിച്ച് ഡോ. ശ്രീനിവാസന്റെനേതൃത്വത്തിൽ പി.എസ്. എൽ.വിക്കായി പ്രത്യേക ടീമുണ്ടാക്കി. ഇവർ കണ്ടെത്തിയ മുപ്പതോളം ഡിസൈനുകളിൽ നിന്ന് തിരഞ്ഞെടുത്ത നാല് ഡിസൈനുകളാണ് ഇപ്പോൾ കാണുന്ന പി.എസ്.എൽ.വി റോക്കറ്റിന്റെ നിർമ്മാണത്തിന് കാരണമായത്. 80ടൺ ഭാരമുള്ള രണ്ട് ഖര റോക്കറ്റുകൾ. അതിനിടയിൽ 30 ടൺ ഭാരമുള്ള ഒരു ദ്രവറോക്കറ്റ്, എല്ലാത്തിനും മുകളിൽ പെരിജി,അപ്പോജി സിസ്റ്റം എന്നിവയാണ് ആദ്യരൂപരേഖ. ഇത് പിന്നീട്മാറ്റി. ഫ്രാൻസിൽ നിന്നാണ് ദ്രവ എൻജിൻ കൊണ്ടുവന്നത്. 1982ലാണ് രൂപരേഖ ഒൗദ്യോഗികമായി അംഗീകരിച്ചത്. ആദ്യരൂപരേഖയിൽ നാലാം സ്റ്റേജ് ഖര റോക്കറ്റായിരുന്നു. അതുമാറ്റി ദ്രവനോദക റോക്കറ്റാക്കാനുള്ള തീരുമാനം വൈകിയുദിച്ച ബുദ്ധിയാണ്. 1983ലാണിതുണ്ടായത്.
ആദ്യ പരാജയം
നിയന്ത്രണത്തിലെ പിഴവ്
1993 ൽ ആദ്യവിക്ഷേപണം പരാജയത്തിലാണ് കലാശിച്ചത്. നിയന്ത്രണത്തിലെ ചെറിയ പിഴവാണിതിനിടയാക്കിയത്. രണ്ടാമത്തെ ഘട്ടം ജ്വലിച്ചുതീർന്ന സമയത്താണ് റോക്കറ്റിന്റെ ഗതിയിൽ വ്യതിചലനമുണ്ടായത്. കത്തിത്തീർന്ന രണ്ടാം സ്റ്റേജിലെ അതിവേഗത്തിൽ പറക്കുന്ന ബാക്കി റോക്കറ്റിൽ നിന്ന് അകറ്റണം. ഇതിനായി പ്രവൃത്തിക്കേണ്ടിയിരുന്ന വിപരീത റോക്കറ്റുകൾ കത്തിയില്ല. അതിനാൽ വാഹനത്തിന്റെ പറക്കുന്ന മുകൾ ഭാഗവും വിട്ടുപോരേണ്ട ഭാഗവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിന്നീടൊരിക്കലും ഇത്തരം പിഴവുണ്ടായിട്ടില്ല.
box
സുപ്രധാന നേട്ടങ്ങൾ
2008 ഒന്നാം ചന്ദ്രയാൻ വിക്ഷേപണം
2013 മംഗൾയാൻ വിക്ഷേപണം
2017 ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ വഹിച്ച് ലോക റെക്കോഡ്
പി. എസ്. എൽ.വി.പതിപ്പുകൾ
1.ആദ്യം വികസിപ്പിച്ച പി. എസ്.എൽ.വി.ജി എന്ന സാധാരണ മോഡൽ ഇപ്പോൾ ഉപയോഗിക്കുന്നില്ല. ആറ് ചെറുറോക്കറ്റുകളോടെയുള്ള നാലുഘട്ടങ്ങളിൽ ഖര,ദ്രവ ഇന്ധനങ്ങൾ മാറിമാറി ഉപയോഗിച്ചിരുന്ന പതിപ്പായിരുന്നു ഇത്. 1678 കിലോഗ്രാം വരെ ബഹിരാകാശത്തെത്തിക്കാൻ ശേഷിയുണ്ടായിരുന്ന ഇൗ പതിപ്പിൽ 9ടൺ ഇന്ധനവും വഹിച്ചിരുന്നു.
2.പി.എസ്. എൽ. വി. സി.എ എന്ന കോർ എലോൺ ആണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. അതിൽ 4 ടൺ ഇന്ധനം ഉപയോഗിച്ച് 1000 കിലോഗ്രാംവരെ ബഹിരാകാശത്തെത്തിക്കാം. ചെറുറോക്കറ്റുകളില്ലാത്ത പതിപ്പാണിത്.
3.പി.എസ്. എൽ. വി. എക്സ് എൽ. പതിപ്പും ഉപയോഗിക്കുന്നുണ്ട്.1800 കിലോഗ്രാം വരെആകാശത്തെത്തിക്കാവുന്ന ഇൗ പതിപ്പ് ഏറ്റവും കരുത്തുള്ളതാണ്. 12 ടൺ ഇന്ധനം വഹിക്കും. ആറ് വലിപ്പമേറിയ ചെറു റോക്കറ്റുകളോടെ നാലുഘട്ടങ്ങളുള്ള പതിപ്പാണിത്.
4.പി.എസ്.എൽ.വി.ഡി. എൽ. ആണ് പുതിയ പതിപ്പ്. ഇതിൽ 12ടൺ ഇന്ധനം രണ്ട് ചെറുറോക്കറ്റുകൾക്കൊപ്പമുള്ള പതിപ്പാണിത്. ഇൗ വർഷമാണിത് ആദ്യമായി രംഗത്തിറക്കിയത്.
5.പി.എസ്.എൽ.വി. ക്യു എൽ. ആണ് മറ്റൊരുപുതിയ പതിപ്പ്. നാല് ചെറുറോക്കറ്റുകളോടെയുള്ള ഇൗ പതിപ്പിൽ 48 ടൺ ഇന്ധനം വഹിക്കും. 2000 കിലോഗ്രാം ആകാശത്തെത്തിക്കാനാകും.
6.പി.എസ്.എൽ.വി. 3 എസ്. ആണ് വരാനിരിക്കുന്ന പതിപ്പ്. ഇതിൽ ആറ് ചെറുറോക്കറ്റുകളുണ്ടാകും. പക്ഷെ നാലിന് പകരംമൂന്ന് ഘട്ടങ്ങളാണുണ്ടാകുക. 48 ടൺ ഇന്ധനം വഹിക്കും. 2000 കിലോഗ്രാമിലേറെ ആകാശത്തെത്തിക്കാൻ ശേഷിയുണ്ടാകും.