സ്ത്രീകൾക്കു നേരെ രാജ്യത്തുടനീളം നടക്കുന്ന ലൈംഗികാതിക്രമ കേസുകളിൽ അന്വേഷണവും വിചാരണയും വേഗത്തിലാക്കാനും പ്രതികൾക്ക് നിയമാനുസൃതമുള്ള ശിക്ഷ ഉറപ്പാക്കാനും ഉദ്ദേശിച്ച് ബന്ധപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതാനുള്ള കേന്ദ്രനീക്കം അങ്ങേയറ്റം സ്വാഗതാർഹമാണ്. സമീപ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ മുമ്പൊരിക്കലുമുണ്ടാകാത്ത രീതിയിലാണ് പെൺകുട്ടികൾ അതിക്രൂരമായ പീഡനങ്ങൾക്കിരയാകുന്നത്. ബലാത്സംഗ വാർത്ത റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒറ്റദിവസം പോലുമില്ല. പൈശാചിക കൃത്യത്തിനു ശേഷം ഇരയെ ജീവനോടെ ചുട്ടുകരിക്കുന്ന എത്രയെത്ര സംഭവങ്ങൾക്കാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. തെലങ്കാനയിലും യു.പിയിലും ബീഹാറിലും ജാർഖണ്ഡിലുമൊക്കെ നടന്ന അരുംകൊലകളിൽ രാജ്യം ഒന്നടങ്കം നടുങ്ങി നിൽക്കുകയാണിപ്പോൾ. സ്ത്രീപീഡന കേസുകളിൽ നിയമ - നീതി നടത്തിപ്പിലെ പാളിച്ചകളും പോരായ്മകളും ദേശീയതലത്തിൽത്തന്നെ ഗൗരവമായ ചർച്ചാവിഷയമായിക്കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഐ.പി.സിയും സി.ആർ.പി.സിയും സമഗ്രമായി ഭേദഗതി ചെയ്യാൻ ആലോചിക്കുന്നത്. പൂനെയിൽ നടന്ന സംസ്ഥാന ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് നിയമ ഭേദഗതി അനിവാര്യമാക്കും വിധം ലൈംഗികാതിക്രമ സംഭവങ്ങൾ പെരുകിയെന്ന കാര്യം ചൂണ്ടിക്കാട്ടിയത്.
ഇപ്പോൾത്തന്നെ ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ട് ശക്തമായ നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ നിയമ - നീതി നടത്തിപ്പിലുണ്ടാകുന്ന അസഹനീയ കാലതാമസമാണ് പ്രശ്നമാകുന്നത്. നീതി തേടി ഇരകൾ വർഷങ്ങളോളം അലയേണ്ടിവരുന്നു. മാനഭംഗത്തിനിടെ ഉണ്ടാകുന്ന കൊലപാതക കേസുകളിൽ പോലും പ്രതികൾ നിയമത്തിലെ പഴുതുകൾ പ്രയോജനപ്പെടുത്തി ശിക്ഷയിൽ നിന്ന് ഊരിപ്പോവുകയോ ജാമ്യം നേടി പുറത്ത് വിലസുകയോ ചെയ്യുന്നു. കുറ്റപത്രം ചമയ്ക്കുന്നതിലെ പൊലീസ് വീഴ്ച കൊണ്ടു മാത്രം പോക്സോ കേസിലെ പ്രതികൾ രക്ഷപ്പെട്ട സംഭവം കേരളത്തിൽ പോലും ഉണ്ടാകുന്നു. സമീപകാലത്ത് വാളയാറിൽ ഒൻപതും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്നു വിധിച്ച് വിട്ടയച്ചത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ച കാരണമായിരുന്നു. തെളിവുകൾ മാത്രം മുൻനിറുത്തിയാണ് ഏതൊരു കേസിലും കോടതികൾ വിധി പറയുന്നത്. പ്രോസിക്യൂഷൻ അതിന്റെ ദൗത്യത്തിൽ പരാജയപ്പെടുന്ന സ്ഥിതി വന്നാൽ പ്രതികൾ നിഷ്പ്രയാസം മോചിതരാകും.
പീഡനകേസുകൾ കൈകാര്യം ചെയ്യാനായി മാത്രം എല്ലാ ജില്ലകളിലും അതിവേഗ കോടതി സ്ഥാപിക്കണമെന്ന നിർദ്ദേശത്തിന് എട്ടുവർഷത്തെ പഴക്കമുണ്ട്. 2012-ലെ ഡൽഹി നിർഭയ കേസുണ്ടായപ്പോഴാണ് ഈ നിർദ്ദേശം ഉയർന്നത്. അന്വേഷണവും വിചാരണയും സമയബന്ധിതമായി പൂർത്തിയായാൽ മാത്രമേ പ്രതികൾക്ക് സത്വരമായി ശിക്ഷ ഉറപ്പാക്കാനാവൂ. പത്തും ഇരുപതും വർഷമായിട്ടും വിചാരണ പൂർത്തിയാകാതെ കിടക്കുന്ന സ്ത്രീപീഡന കേസുകൾ രാജ്യത്ത് എമ്പാടുമുണ്ട്. കേസുകൾ നീണ്ടുപോകുന്തോറും രക്ഷപ്പെടാനുള്ള പ്രതികളുടെ അവസരം വർദ്ധിക്കുകയാണ്. ഇരകളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാനും കേസ് ദുർബലമാക്കി രക്ഷപ്പെടാനുംപ്രതികളെ സഹായിക്കുന്നതാണ് നിലവിലുള്ള നിയമ - നീതി നടത്തിപ്പ്. ശിക്ഷാ നിയമവും ക്രിമിനൽ നടപടി ചട്ടങ്ങളും കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് ഭേദഗതി ചെയ്താലേ അതിവേഗത്തിലുള്ള നീതി നടത്തിപ്പ് സാദ്ധ്യമാവുകയുള്ളൂ. ലൈംഗികാതിക്രമക്കേസുകളിൽ അന്വേഷണത്തിന് സമയപരിധി കല്പിക്കണം. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞാൽ തുടർച്ചയായ വിചാരണ നടത്തി നിശ്ചിത ദിവസം വിധി പുറപ്പെടുവിക്കാനുള്ള സംവിധാനമുണ്ടാകണം. അതിവേഗ കോടതി സ്ഥാപിച്ചാലേ ഇത് സാദ്ധ്യമാകൂ. സ്ത്രീപീഡന കേസുകളുടെ അന്വേഷണം സത്യസന്ധരും ചുമതലാബോധമുള്ളവരും സമർത്ഥരുമായ പൊലീസ് ഉദ്യോഗസ്ഥരെത്തന്നെ ഏല്പിക്കണം. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടവും ഉണ്ടാകണം. കേസിൽ നിരപരാധികളെ കുടുക്കി പണം തട്ടാൻ അവസരമുണ്ടാക്കരുത്. പൊലീസ് ജനങ്ങളുടെ യഥാർത്ഥ സേവകരും വിശ്വസ്തരുമായാൽ മാത്രമേ ഇതൊക്കെ നടക്കുകയുള്ളൂ. സമൂഹത്തിന്റെ ഉറക്കം കെടുത്തുകയും രാജ്യം തന്നെ നാണിച്ച് തലതാഴ്ത്തേണ്ടി വരികയും ചെയ്യുന്ന പീഡന പരമ്പരകളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിയമ - നീതി സംവിധാനങ്ങൾ പരമാവധി ജാഗ്രതയും കർത്തവ്യബോധവും പ്രകടിപ്പിച്ചാൽ മാത്രമേ ഈ ദുരവസ്ഥയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാവൂ. സഹികെട്ട് ജനങ്ങൾ നിയമം കൈയിലെടുക്കുന്ന സ്ഥിതി വരാതെ തടയേണ്ടതും പരമപ്രധാനമാണ്. തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ മാനഭംഗം ചെയ്തു കൊന്ന ശേഷം ജഡം ചുട്ടുകരിച്ച നാല് നരാധമന്മാരെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തോട് ജനങ്ങൾ ആവേശത്തോടെ പ്രതികരിച്ചത് ഭരണകൂടങ്ങൾക്കുള്ള മുന്നറിയിപ്പായിത്തന്നെ കാണണം.
ശിക്ഷാ നിയമവും ക്രിമിനൽ നിയമവും ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോട് നിർദ്ദേശങ്ങൾ ക്ഷണിച്ചിരിക്കുകയാണ്. ആലോചനകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാതെ കഴിയുന്നത്ര വേഗത്തിൽ നിയമ ഭേദഗതികൾക്ക് അന്തിമ രൂപം നൽകാനുള്ള ക്രിയാത്മക നടപടികളുണ്ടാകണം. ഒപ്പം തന്നെ ആവശ്യമായത്ര അതിവേഗ കോടതികൾ സ്ഥാപിക്കാൻ സർക്കാരും നീതിപീഠവും മുന്നോട്ടു വരികയും വേണം.