തിരുവനന്തപുരം : കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ മുഖം മാറ്റാൻ സംസ്ഥാന സർക്കാർ നീക്കം. ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്താൻ സർക്കാർ തയ്യാറെടുക്കുന്നതായാണ് വിവരം. സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് 2018 ഏപ്രിൽ മുതൽ ഏകീകൃത നിറം നിർബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസൽ, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ മൂന്നായി തിരിച്ചായിരുന്നു സ്വകാര്യ ബസുകൾക്ക് നിറം നൽകിയത്. സ്വകാര്യ ബസുകൾക്ക് നിറം നൽകിയ മാതൃകയിൽ ടൂറിസ്റ്റ് ബസുകളുടെയും നിറം മാറ്റാനാണ് സംസ്ഥാന സർക്കാർ നീക്കം. എല്ലാ ടൂറിസ്റ്റ് ബസുകൾക്കുമായി ഒരൊറ്റ നിറമാണ് സർക്കാർ പരിഗണിക്കുന്നത്.
#അനുഭവങ്ങൾ പാഠമായി
വിനോദ യാത്രക്കിടെ ഡ്രൈവർമാർ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്‍കൂളിൽ അഭ്യാസപ്രകടനം നടത്തിയതും അടുത്തിടെ വിവാദമായിരുന്നു. ബസിനുള്ളിൽ ഡാൻസ് ഫ്‌ളോറുകൾ സജ്ജീകരിച്ചും ലേസർലൈറ്റുകൾ ഉൾപ്പെടെ ഘടിപ്പിച്ചുമുള്ള പരാക്രമങ്ങൾക്കെതിരെ വ്യാപക പരാതിയാണ് ഉയർന്നത്. ടൂർ ഓപ്പറേറ്റർമാർ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇതിനൊക്കെ കാരണമെന്നാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടിക്ക് ലഭിച്ച വിവരം. ബസിനുള്ളിൽ ലൈറ്റുകളും സീറ്റുകളും അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അത് കർശനമായി പിന്തുടരാനാണ് ശ്രമിക്കുന്നത്. അതേസമയം ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസ് ഉടമകൾ ഗതാഗത കമ്മിഷണർക്ക് നിവേദനവും നൽകി.
#സ്റ്റാറുകളെ വച്ച് ചെവിപൊട്ടിച്ചു
കഴിഞ്ഞ കുറച്ചുനാളുകളായി നിരന്തരമായുള്ള ട്രാഫിക് നിയമലംഘനങ്ങളിലൂടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ വാർത്തകളിൽ നിറയുകയാണ്. കല്ലട ബസിലെ യാത്രക്കാരെ തല്ലിചതച്ചത് ഉൾപ്പടെ നിരവധി സംഭവങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവർണ ചിത്രങ്ങളുമൊക്കെയാണ് പല ടൂറിസ്റ്റ് ബസുകളുടെയും ബോഡിയിലുള്ളത്. ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസർ ലൈറ്റുകളുമാണ് ഒട്ടുമിക്ക ബസുകളിലും ഘടിപ്പിച്ചിട്ടുള്ളത്.
#തീരുമാനം ഉടൻ
ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റവും പരിഷ്കാരങ്ങളും അജണ്ടയാക്കി ട്രാൻസ്പോർട്ട് കമ്മിഷണർ അദ്ധ്യക്ഷനായുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടിയുടെ യോഗം ഉടൻ ചേരും. ട്രാഫിക് ഐ.ജി.ക്കു പുറമേ ഒരു അനൗദ്യോഗിക അംഗംകൂടി ഈ സമിതിയിലുണ്ടാകും.