തിരുവനന്തപുരം: മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി മണ്ണന്തല നാലാഞ്ചിറ ചെഞ്ചേരി കുറുങ്കുളം ലെയ്ൻ ഗൗരീശത്തിൽ ജയന്തിയുടെ വീട്ടിൽ നിന്ന് 15 പവൻ മോഷണം പോയി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ജയന്തിയും ഭർത്താവ് രാധാകൃഷ്ണൻനായരും ചാലയിലെ മകന്റെ വീട്ടിലാണ് രാത്രി കഴിയുന്നത്. ഞായറാഴ്ചയും ഇവർ വൈകിട്ട് പതിവുപോലെ മകന്റെ വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയതായി മനസിലായത്. രാധാകൃഷ്ണൻനായരുടെ പരാതിയിൽ മണ്ണന്തല പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദ്ധരും ഡോഡ് സ്ക്വാഡും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വീട്ടിലെ സി.സി ടിവി കാമറകളിൽ നിന്ന് മോഷ്ടാക്കളെപ്പറ്റി വിവരം ലഭിക്കുമോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.