ലണ്ടൻ: ഒരു ഫാഷൻ സൂപ്പർഹിറ്റാവാൻ അധിക സമയമൊന്നും വേണ്ട. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായ ഡെവിൾ ലിപ്‌സ് തന്നെ ഉദാഹരണം. ചുണ്ടിന്റെ സ്വാഭാവിക ആകൃതിയെ ലിപ് ഫില്ലേഴ്‌സ് ഉപയോഗിച്ച് ആകെ മാറ്റിമറിക്കുന്നതാണ് സംഗതി. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒറിജിനൽ ചുണ്ടാണോ എന്ന് സംശയം തോന്നും. ചുണ്ടിന്റെ പുറത്തെ അരികുകളിൽ ഫില്ലർ കുത്തിവച്ചാണത്രേ അസ്വാഭാവിക വളവുകൾ സൃഷ്ടിക്കുന്നത്. വളവുകൾ കൂടുന്നത് സൗന്ദര്യം കൂട്ടുമെന്നാണ് വിശ്വാസം. റഷ്യയിലാണ് ഡെവിൾ ലിപ്‌സ് പിറവിയെടുത്തതെന്നാണ് കരുതുന്നത്.
സംഗതി സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൂടുതൽപേർ ഡെവിൾ ലിപ്‌സിന് പുറകേ കൂടിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയ ചുണ്ടുകളുടെ ചിത്രങ്ങളെടുത്ത് പോസ്റ്റുചെയ്യാൻ പലരും മത്സരിക്കുകയാണ്. എന്നാൽ ഡെവിൾ ലിപ്‌സിനോട് കൂടുതൽ അടുപ്പം വേണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഒരിക്കലും ചുണ്ടിന്റെ സ്വാഭാവികമായ ആകൃതി മാറ്റാനാകില്ലെന്നും ചുണ്ടിൽ ഫില്ലറുകൾ കുത്തിവയ്ക്കുന്നത് ഞരമ്പുകളിൽ ബ്ളോക്ക് ഉണ്ടാക്കുകയും അത് കോശങ്ങളുടെ പൂർണമായ നാശത്തിന് കാരണമായേക്കുമെന്നാണ് അവർ പറയുന്നത്.
അതേസമയം പോസ്റ്റുചെയ്തിരിക്കുന്ന ചിത്രങ്ങളിൽ കാണുന്നത് പലതും ഒറിജിനലല്ലെന്ന വെളിപ്പെടുത്തലുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. അതിവിദഗ്ധരായ ഫോട്ടോഷോപ്പ് ആർട്ടിസ്റ്റുകളാണത്രേ ഇതിനുപിന്നിൽ. എന്നാൽ കാര്യമില്ലാത്ത വിമർശനമാണ് ഇതെന്നാണ് ചിലർ പറയുന്നത്.