ബാലരാമപുരം: പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം കൊണ്ടുവരാൻ മാതൃകാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൂങ്കോട് ഗവ. എസ്.വി.എൽ.പി.എസിനെ ജില്ലയിലെ കൃഷിവകുപ്പിന്റെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുത്തു. ഇതേ സ്കൂളിലെ എസ്.ബി. ഷൈലയ്ക്കാണ് മികച്ച അദ്ധ്യാപികയ്ക്കുള്ള അംഗീകാരവും ലഭിച്ചിരിക്കുന്നത്. പള്ളിച്ചൽ കൃഷിഭവനിലെ കൃഷി അസിസ്റ്റൻഡ് ആർ. രാജേഷ് കുമാറിനെ മികച്ച കൃഷി അസിസ്റ്റൻഡായി തിരഞ്ഞെടുത്തു. കൃഷിവകുപ്പിന്റെ കീഴിൽ ജില്ലയിൽ 2018-19 വർഷത്തിൽ നടത്തിയ മികച്ച പച്ചക്കറിവികസന പദ്ധതികൾക്കുള്ള അവാർഡുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 5000 രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം ഈ മാസം 11 ന് ഹസൻ മരക്കാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സംസ്ഥാന കൃഷി വകുപ്പും ഐ.ബി. സതീഷ് എം.എൽ.എയും ചേർന്നാണ് ഹരിതവിദ്യാലയം പദ്ധതി സ്കൂളിൽ നടപ്പാക്കിയത്. 2018-19 കാലയളവിൽ സ്കൂൾ വളപ്പിൽ തരിശ് ഭൂമിയായി കിടന്ന 50 സെന്റ് കൃഷിയോഗ്യമാക്കി മാറ്റി മാതൃകാകൃഷിത്തോട്ടമൊരുക്കിയാണ് പൂങ്കോട് പ്രൈമറി സ്കൂൾ ശ്രദ്ധേയമായത്. പള്ളിച്ചൽ കൃഷി ഓഫീസർ രമേഷ് കുമാർ മാർഗനിർദ്ദേശം നൽകി. ഹെഡ്മിസ്ട്രസ് കുമാരി ഷീല, അദ്ധ്യാപകരായ മിനിമോൾ, സുമ, ഷൈല, ചന്ദ്രിക, പ്രതിഭ, ജയശ്രീ, ദീപ, ആയ ബിന്ദു എന്നിവർ കൃഷിത്തോട്ടപരിപാലനത്തിന് നേതൃത്വം നൽകി. എം.എൽ.എ ഐ.ബി. സതീഷ് എത്തിയാണ് ആദ്യവിളവെടുപ്പ് നടത്തിയത്. മികച്ച കുട്ടിക്കർഷകനായി പ്രമോദിനെ തിരഞ്ഞെടുത്തു. അക്കാഡമിക് മുന്നേറ്റം ലക്ഷ്യമിട്ട് കാർഷിക വളർച്ചാ ഡയറക്ടറിയും കുട്ടികൾ തയ്യാറാക്കി.
അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും പ്രയത്നത്തിനു പുറമേ പള്ളിച്ചൽ കൃഷിഭവന്റെ മാർഗനിർദ്ദേശങ്ങളും അംഗീകാരത്തിന് പിന്നിലുണ്ട്. ഹരിതവിദ്യാലയം പദ്ധതി വരും വർഷവും മികച്ച രീതിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. ജനപ്രതിനിധികളുടേയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടേയും സഹായത്തിന് നന്ദിയുണ്ടെന്നും ഹെഡ്മിസ്ട്രസ് എസ്. കുമാരി ഷീല അറിയിച്ചു.