തിരുവനന്തപുരം: ബഹ്റനിൽ തൊഴിൽ തേടിയെത്തിയ യുവാവിന്റെ പാസ്‌പോർട്ടും രേഖകളും ഉപയോഗിച്ച് ഇയാളുടെ സ്‌പോൺസർ ഇന്ത്യയിലേക്ക് കടന്നതോടെ തിരിച്ചുവരാനാവാതെ യുവാവ് ബുദ്ധിമുട്ടിലായതായി മാതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മേസൺ ട്രേഡിൽ ബഹ്‌റിനിലെത്തിയ ഉള്ളൂർ സ്വദേശി അനുപ്രസാദിന്റെ പാസ്‌പോർട്ടിൽ കൃത്രിമം കാണിച്ച് ഇയാളുടെ സ്‌പോൺസറായ തിരുവനന്തപുരം സ്വദേശി ശമ്പളം പോലും നൽകാതെ നാട്ടിലേക്ക് മടങ്ങിയതിനാൽ മകന് തിരിച്ചുവരാൻ കഴിയുന്നില്ലെന്നാണ് അനുപ്രസാദിന്റെ അമ്മ അംബിക പറയുന്നത്. വിദേശത്തെത്തി ഒരു വർഷത്തെ വിസ കാലാവധി അവസാനിച്ചതിനാൽ പുതുക്കാനായി പാസ്‌പോർട്ട് നൽകണമെന്ന് അനുവിനോട് സ്‌പോൺസർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പാസ്പോർട്ട് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെ കിട്ടാത്തതിനാൽ അത് ആവശ്യപ്പെട്ടു. ഇതോടൊപ്പം ശമ്പളകുടിശ്ശികയായ രണ്ടു ലക്ഷം രൂപയും നൽകിയില്ല. പാസ്‌പോർട്ട് കിട്ടാതെ വന്നതിനാൽ എമിഗ്രേഷനിൽ അന്വേഷിച്ചപ്പോൾ അനുവിന്റെ പാസ്‌പോർട്ട് നമ്പർ ഉപയോഗിച്ച് സ്‌പോൺസർ ഔട്ട്പാസ് തയ്യാറാക്കി നാടുവിട്ടതായാണ് മനസിലായതത്രേ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, നോർക്ക, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അംബിക പറഞ്ഞു. ശിവസേന ജില്ലാ പ്രസിഡന്റ് വെള്ളാർ സന്തോഷ്, കോട്ടുകാൽ ഷൈജു, അനുപ്രസാദിന്റെ സഹോദരി അശ്വതി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.