smasanam

വെഞ്ഞാറമൂട് : കല്ലറ നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന പൊതു ശ്മശാനം എന്ന ആവശ്യം സഫലമാകുന്നു. ആധുനിക സൗകര്യങ്ങളുള്ള ഗ്യാസുപയോഗിച്ച് സംസ്കരിക്കുന്ന ശ്മശാനമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ ആദ്യ ശ്മശാനമാണ് കല്ലറ പഞ്ചായത്തിലെ കുറുമ്പയത്തെ ആധുനിക സൗകര്യങ്ങളോട് കൂടിയ "ശാന്തി കുടീരം'. ഏകദേശം പതിനഞ്ചു വർഷങ്ങൾക്കുമുൻപാണ് കല്ലറ പഞ്ചായത്ത് കുറുമ്പയത്ത് ശ്മശാന ഭൂമി വാങ്ങിയതും വിറകുവച്ച് ശവശരീരങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയതും. എന്നാൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പത്തിൽ താഴെ ശവശരീരങ്ങൾ മാത്രമേ ഇവിടെ സംസ്കരിച്ചിട്ടുള്ളു.

ശവശരീരങ്ങൾ സംസ്കരിക്കാനും ശ്മശാനം സൂക്ഷിപ്പിനുമായി ഒരു ജീവനക്കരാനെ നിയമിച്ചെങ്കിലും പിന്നീട് ജീവനക്കാരന് ശമ്പളം നൽകാൻ ഫണ്ടില്ലെന്ന കാരണത്താൽ പിരിച്ചു വിടുകയായിരുന്നു. ഇതോടെ ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച ശ്മശാനം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറി.

അരക്കോടി രൂപയോളം ചെലവഴിച്ച് നിർമ്മിച്ച ശ്മശാനത്തിന്റെ ദുരവസ്ഥയെ ക്കുറിച്ച് പത്രങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം എസ്.എം. റാസി ഇതുമായി ബന്ധപ്പെട്ട് മുന്നിട്ടിറങ്ങുകയും ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ആദ്യഘട്ടത്തിൽ 75 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. തുടർന്ന് വിവിധ ഘട്ടങ്ങളിൽ ശ്മശാനത്തിനായി 75 ലക്ഷം രൂപ കൂടി അനുവദിക്കുകയും ചെയ്താണ് ശ്മശാനം യാഥാർത്ഥ്യമാക്കിയത്. ഇതിന് പുറമേ പഴയ ശ്മശാനം നവീകരിക്കുകയും ചെയ്തു. ഇന്ന് വൈകിട്ട് 4 ന് ആധുനിക ശ്മശാനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നവീകരിച്ച ശ്മശാനം ഡി.കെ. മുരളി എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷനാകും.