food-

കഴക്കൂട്ടം: കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്ഷണശാലകളുള്ള നഗരങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കഴക്കൂട്ടം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ളവർ ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നതു കാരണം കഴക്കൂട്ടത്തെത്തുന്നവർക്ക് ഇന്ത്യയിലെ വ്യത്യസ്തമായ രുചികൾ അനുഭവിച്ചറിയാൻ സാധിക്കും. ടെക്കികളോടൊപ്പം വിരുന്നുവന്ന അവരുടെ രുചികളേയും കഴക്കൂട്ടത്തുകാർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഐ.എസ്.ആർ.ഒ, സി.ആർ.പി.എഫ്, സൈനിക് സ്‌കൂൾ, ടെക്‌നോപാർക്ക്,കിൻഫ്ര എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ബംഗാളികൾ എന്നറിയപ്പെടുന്ന കൂലി തൊഴിലാളികളും ചേരുമ്പോൾ കഴക്കൂട്ടത്തെ ഹോട്ടലുകളിൽ രുചി വൈവിധ്യമേറുകയാണ്.

പേരുകേട്ട നക്ഷത്ര ഹോട്ടലുകൾ മുതൽ പേരില്ലാത്ത പൊതിച്ചോർ കിട്ടുന്ന വീടുകൾ വരെ ആയിരത്തോളം ഭക്ഷണശാലകളാണ് കഴക്കൂട്ടത്ത് പ്രവർത്തിക്കുന്നത്.പഴയ കുളത്തൂർ കഴക്കൂട്ടം റോഡ് ഇപ്പോൾ അറിയപ്പെടുന്നത്
'ഫുഡ് സ്റ്റ്രീറ്റ്' എന്നാണ്. തലശ്ശേരി ബിരിയാണിയും കുഴിമന്തിയും ദംബിരിയാണിയും പുട്ടുകടയും കൊച്ചണ്ണന്റെ ചിക്കൻ പെരട്ടും രാവിലത്തെ പഴങ്കഞ്ഞിയും രാത്രിയിലെ പൊടിയരി കഞ്ഞിയും തമിഴ്‌നാട് ഭക്ഷണവും പഞ്ചാബി ദാബയും ഗുജറാത്തി ഭക്ഷണ ശാലകളുമായി കുളത്തൂർ കഴക്കൂട്ടം റോഡിൽ ഹോട്ടലുകൾ നിറഞ്ഞ് കവിഞ്ഞു.

പല നിറം പല രുചി

നാരങ്ങ വെള്ളവും അറുപത്തിനാലു തരം രുചിയിലുള്ള സുലൈമാനിയും പഴച്ചാറുകൾ പിഴിഞ്ഞെടുത്ത് പല രൂപത്തിലാക്കിയ ജ്യൂസും കുടിക്കാൻ കിട്ടുന്ന കടകൾ കഴക്കൂട്ടത്ത് നിരവധിയാണ്. ചെറുകടികളും ചായയും മാത്രമുള്ള തട്ടു കടകൾ റോഡിന് ഇരുവശത്തും നിരയായി കാണാം. കഴക്കൂട്ടത്തിന്റെ സ്വന്തമായ നാഷണൽ ഹോട്ടലും അപ്പൂസും ആനന്ദ് ഫാസ്റ്റ് ഫുഡും 'മുക്കാൽ സെന്റും' ആറ്റിൻകുഴി പള്ളിനടയിലെ ഗോപിയുടെ ചായക്കടയുമാണ് ഈ ആധുനിക ഹോട്ടൽ പ്രളയത്തിനിടയിലും ഇന്നും പഴയ പ്രൗഢിയോടെ പിടിച്ചു നിൽക്കുന്നത്. റോഡ് വികസനം വരുന്നതോടെ 'മുക്കാൽ സെന്റ്' എന്ന പേരിൽ അറിയപ്പെടുന്ന ചായക്കട കഴക്കൂട്ടത്തുകാർക്ക് ഓർമ്മ മാത്രമായി മാറും. ഇത്രയധികം ഭക്ഷണശാലകൾ പ്രവർത്തിക്കുന്ന ഒരു നഗരവും കേരളത്തിൽ ഉണ്ടാകില്ല.വീടുകളിൽ ഭക്ഷണം തയ്യാറാക്കി പതിവുകാർക്ക് പൊതിഞ്ഞു കൊടുത്തു ജീവിക്കുന്ന നിരവധി സ്ത്രീകൾ കഴക്കൂട്ടത്തുണ്ട്.വീടുകളെ ഹോട്ടലാക്കി മാറ്റി ഉച്ചയ്ക്ക് ഊണ് മാത്രം കൊടുക്കുന്നവരും അനവധിയാണ്. കഴക്കൂട്ടത്ത് വളരെ വേഗതയിൽ മതിയാക്കി പൂട്ടുന്നതും അതിനേക്കാൾ വേഗതയിൽ പുതിയത് തുറക്കുന്നതും ഭക്ഷണശാലകളാണ്.