fire

വെമ്പായം: വെമ്പായം ജംഗ്ഷനിലെ ഫുട്‌വെയർ ഷോപ്പിൽ തീപിടിച്ച് വ്യാപകനാശം. കടയുടെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 4.30ന് ആയിരുന്നു സംഭവം. മറ്റ് കടകളിലേക്ക് പടരുന്നതിന് ഫയർഫോഴ്സ്‌ തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. വെമ്പായം സ്വദേശി വാഹീദിന്റെ ഉടമസ്ഥതയിലുള്ള സൽമിയ ഗൾഫ് ബസാറിലാണ് സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടമയേയും വെഞ്ഞാറമൂട് ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഏകദേശം ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ വാഹീദ് പറഞ്ഞു. അസി. സ്റ്റേഷൻ ഓഫീസർ നസീർ, സീനിയർ ഫയർഓഫീസർ ജി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.