കല്ലമ്പലം: കുടവൂർ വില്ലേജാഫീസിന്റെ ശോചനീയാവസ്ഥയെ കുറിച്ച് കേരളകൗമുദിയിൽ വാർത്ത വന്നതിനെത്തുടർന്ന് ചോർന്നൊലിക്കുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതിയായി. കുടവൂർ സ്മാർട്ട് വില്ലേജാഫീസിന്റെ പുതിയ കെട്ടിട നിർമാണത്തിനായി 44 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.
ഇതുമായി ബന്ധപ്പെട്ട് വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ വില്ലേജാഫീസിനു മുന്നിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. വിവിധ ആവശ്യങ്ങൾക്കായി നൂറിൽപ്പരം ആവശ്യക്കാരാണ് നിത്യവും ഓഫീസിൽ എത്തിയിരുന്നത്. മഴക്കാലത്ത് കെട്ടിടം ചോർന്നൊലിക്കുന്നതോടെ വിലപ്പെട്ട ഫയലുകളും കമ്പ്യൂട്ടറുകളും സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഉദ്യോഗസ്ഥർ സ്വന്തം കീശയിൽ നിന്നും ചിലവഴിച്ചാണ് പലപ്പോഴും താത്ക്കാലിക സംവിധാനം ഉണ്ടാക്കിയിരുന്നത്. പൊളിഞ്ഞുവീഴാറായി നിന്നിരുന്ന വില്ലേജാഫീസിനുണ്ടായിരുന്നത് മികവുറ്റ വില്ലേജാഫീസറുടെയും ജീവനക്കാരുടെയും നിസ്വാർത്ഥമായ സേവനം മാത്രമായിരുന്നു. 1997 - ലാണ് കപ്പാംവിളയിൽ പ്രവർത്തിക്കുന്ന കുടവൂർ വില്ലേജാഫീസിനു സ്വന്തമായി കെട്ടിടം ലഭിച്ചത്. പ്രവർത്തനം ആരംഭിച്ച് അഞ്ചു വർഷം പിന്നിട്ടതോടെ കെട്ടിടത്തിന്റെ ചുവരുകളിൽ പൊട്ടലുകൾ വീണുതുടങ്ങി. തുടർന്ന് പരിശോധന നടത്തിയെങ്കിലും ചുവരിലെ പൊട്ടലുകൾ സാധാരണമാണെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്. എന്നാൽ ചുവരിലെ പൊട്ടലുകൾ സീലിംഗിലേക്ക് വ്യാപിച്ചതോടെ ഉദ്യോഗസ്ഥരും ഭീതിയിലായി. വില്ലേജാഫീസിന്റെ ദുരവസ്ഥയെ കുറിച്ച് നിരവധി തവണ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് വില്ലേജാഫീസിന്റെ പ്രവർത്തനം താത്കാലികമായി വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയും, നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതും.