ആറ്റിങ്ങൽ: കടത്തുകാരനൊരു തീരാവേദനയും കടത്തൊരു കടമ്പയും എന്നതാണ് മുള്ളിയിൽ കടവിലെ ഓരോ യാത്രക്കാരന്റെയും മനോദുഖം. കടത്തുകാരൻ ദുരൂഹ സാഹചര്യത്തിൽ കടവിന് സമീപം മുങ്ങി മരിച്ചതാണ് ഇവിടത്തുകാരെ ഏറെ വേദനിപ്പിച്ചത്.ഒപ്പം കടത്ത് കടക്കുക എന്നത് ഒരു കടമ്പയുമായിത്തീർന്നു. ഈ ഈ സാഹചര്യത്തിൽ നിരവധിപേരുടെ യാത്രകളും തടസപ്പെട്ടു. ആറ്റിങ്ങൽ അവനവഞ്ചരി മുള്ളിയിലെ കടവാണ് കടത്തുകാരൻ ഇല്ലാത്തതിനാൽ യാത്രാ ദുരിതം നേരിടുന്നത്. ഡിസംബർ ഒന്നിനാണ് ഇവിടുത്തെ കടത്തുകാരനായ മേൽകടയ്ക്കാവൂർ പഴഞ്ചിറ ചിറമൂല ലക്ഷ്മി വിളാകം വീട്ടിൽ താമസിക്കുന്ന പട്ടള സ്വദേശി സതീശനെ കാണാതായത്. മൂന്നു ദിവസം കഴിഞ്ഞപ്പോൾ കടവിന് സമീപത്ത് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയിരുന്നു. വള്ളം സുഷിരം ഇട്ട് നശിപ്പിച്ച നിലയിലുമായിരുന്നു. അന്നുമുതൽ ഇവിടെ കടത്ത് മുടങ്ങിക്കിടക്കുകയാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ കടത്തു വള്ളത്തെ ആശ്രയിക്കുന്നത്. അവർക്കെല്ലാം ഇപ്പോൾ കിലോമീറ്ററുകളോളം ചുറ്റി കടവിള,​ ആറ്റിങ്ങൽ വഴി രണ്ടും മൂന്നും ബസ് കയറി മാത്രമേ അവനവഞ്ചേരിയിലും ആറ്റിങ്ങലിലും എത്താൻ കഴിയൂ. കരവാരം പഞ്ചായത്താണ് ഇവിടെ കടത്ത് നടത്തിയിരുന്നത്. പുതിയ കടത്തുകാരനെ നിയമിക്കാത്തതാണ് പ്രധാന പ്രശ്നം.

കൂടാതെ മുള്ളിയിൽ കടവിൽ പാലം വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യവും അധികൃ‌തർ ഇതുവരെ പരിഗണിച്ചിട്ടില്ല. ആറ്റിങ്ങൽ നഗരസഭ ബഡ്ജറ്റിൽ ഇതിനായി ടോക്കൺ നൽകി പരിഗണിച്ചതല്ലാതെ ഇതുവരെ യാതൊന്നും നടന്നിട്ടില്ല. യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ ഇവിടെ വാമനപുരം നദിക്കു കുറുകേ പാലം വേണമെന്നു തന്നെയാണ് പഠനങ്ങൾ തെളിയിക്കുന്നത്. അവനവ‍ഞ്ചേരി എച്ച്.എസിലേയ്ക്ക് ഈ കടത്തു വഴി നൂറു കണക്കിന് വിദ്യാർത്ഥികളാണ് എത്തുന്നത്. ഇവർ ഏറെ ദുരിതത്തിലാണ്. അടിയന്തിരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് അഭ്യർത്ഥിച്ചു.

പാലം എന്നത് സ്വപ്നം

മുള്ളിയിൽ കടവിലെത്തുന്ന ഓരോ യാത്രക്കാരന്റയും ചിരകാല സ്വപ്നമാണ് പൂവണിയാതെ കിടക്കുന്നത്. വർഷങ്ങളായുള്ള ആവശ്യമായിരുന്നു ഇവിടൊരു കടത്ത് വേണമെന്നത്. പലപ്പോഴായി മാറി വന്ന സർക്കാരിനും പഞ്ചായത്തധികൃതർക്കുമെല്ലാം നിരവധി അപേക്ഷകൾ നൽകി.സ്വപ്ന സാക്ഷാത്കാരത്തിനായി കാത്തിരുന്നെങ്കിലും ഒന്നും നടന്നില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്ന കടത്തും കൈവിട്ട അവസ്ഥയിലായി. ഇപ്പോൾ കടത്തെങ്കിലും ശരിയാക്കി തന്നെങ്കിൽ എന്ന മട്ടിലായി കാര്യങ്ങൾ. ഇനിയും ഈ അവസ്ഥ തുടർന്നാൽ പഞ്ചായത്ത് പടിക്കൽ സമരം ആരംഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

ചുറ്റിപ്പോകേണ്ട ദൂരം - 5 കി.മീ

നൂറ് വർഷത്തോളം പഴക്കമുള്ള കടത്താണ് മുള്ളിയിൽ കടവിലേത്. രാജ ഭരണ കാലം തൊട്ടേ ഇവിടെ കടത്തുണ്ടായിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്. അന്ന് ചില കുടുംബക്കാരായിരുന്നു കടത്ത് നടത്തിയിരുന്നത്. പിന്നീട് ഭരണ സംവിധാനം മാറിയതോടെയാണ് കടത്ത് പഞ്ചായത്തിന്റെ നിയന്ത്രണത്തിലായത്. കടത്ത് മുടങ്ങിയാൽ ഇവിടെയുള്ളവർക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുക. കാരണം കിലോമീറ്ററോളം ചുറ്റിപ്പോകേണ്ടിവരും.

 കടത്ത് വള്ളം നശിപ്പിക്കപ്പെട്ട നിലയിൽ പുതിയ വള്ളം നിർമ്മിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി വന്ന് അപേക്ഷ നൽകുന്നവർക്ക് കടത്തിനുള്ള പെർമിറ്റ് അനുവദിക്കും - പഞ്ചായത്ത് അധികൃതർ

 യാത്രാദുരിതം രൂക്ഷം

ചുറ്റിപ്പോകേണ്ട അവസ്ഥ

 പാലം എന്നത് സ്വപ്നം മാത്രം

 പരാതികൊടുത്ത് മടുത്തു

 യാത്രാച്ചെലവ് വർദ്ധിച്ചു

-