നെയ്യാ​റ്റിൻകര: നെയ്യാ​റ്റിൻകര ജില്ല രൂപീകരണ സമിതി സംഘടിപ്പിച്ച സഭാ സാമൂഹികസംഘടന-സഭാ നേതൃത്വ സംഗമം നെയ്യാ​റ്റിൻകര ബിഷപ് ഹൗസിൽ രൂപത വികാരി ജനറൽ ഫാ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി ആർ. സുന്ദരേശൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, എസ്.എൻ.ഡി.പി യോഗം നെയ്യാ​റ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, ദക്ഷിണേന്ത്യൻ സഭാ വൈസ് ചെയർമാൻ ഫാ. ജ്ഞാനദാസ് എന്നിവർ പങ്കെടുത്തു. ജനുവരി 26 ന് ആരംഭിക്കുന്ന ജില്ലയ്ക്ക് ഒരു ഒപ്പ് പരിപാടിയിൽ തങ്ങളുടെ സജീവസാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്ന് അവർ പറഞ്ഞു. നെയ്യാ​റ്റിൻകര ജില്ലാരൂപീകരണ നേതൃത്വം ഒരു ലക്ഷം ഒപ്പു ശേഖരിച്ച് സർക്കാരിന് സമർപ്പിക്കും. തമിഴ്‌നാട് സർക്കാർ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിച്ചത് കേരളസർക്കാർ മാതൃകയാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. സംഗമത്തിൽ അഡ്വ. എസ്.ആർ. തങ്കരാജ്, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, ജി. ബാലകൃഷ്ണ പിള്ള, ഡോ. സി.വി. ജയകുമാർ, കൈരളി ജി. ശശിധരൻ, അഡ്വ. ആർ.​ടി. പ്രദീപ്, ആർ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.