തിരുവനന്തപുരം: മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽപാഷയ്ക്ക് നൽകിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ച നടപടി അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. നടപടി കേരളീയസമൂഹത്തിന് അംഗീകരിക്കാനാവുന്നതല്ല. അതുകൊണ്ട് അടിയന്തരമായി തീരുമാനം പിൻവലിച്ച് സുരക്ഷ പുനഃസ്ഥാപിക്കണം. സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയ നിരവധി കേസുകളുടെ വിധി പ്രഖ്യാപിച്ച ന്യായാധിപനെന്ന നിലയിൽ പലതവണ അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉയർന്നിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നൽകിയ ജഡ്ജിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
രാജ്യാന്തര ഭീകരസംഘടനയായ ഐസിസിന്റെ ഹിറ്റ് ലിസ്റ്റിലും അദ്ദേഹത്തിന്റെ പേരുണ്ടെന്ന് പ്രമാദമായ കനകമല ഐസിസ് റിക്രൂട്ട്മെന്റ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് രണ്ട് വർഷം മുമ്പ് അദ്ദേഹത്തിന് സായുധരായ നാല് പൊലീസുദ്യോഗസ്ഥരുടെ സുരക്ഷ സർക്കാർ നൽകിയത്. ഇപ്പോൾ അത് പിൻവലിക്കുന്നത് അദ്ദേഹത്തിന്റെ ജീവൻ പന്താടുന്നതിന് തുല്യമാണ്.
വാളയാറിൽ പിഞ്ചു സഹോദരിമാരുടെ ദുരൂഹ മരണം, അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ചതിനുള്ള പകപോക്കലായും ഇപ്പോഴത്തെ നടപടി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.