വിതുര: കൊഫുഖാൻ ഷിട്ടോറിയു കരാട്ടേ സ്കൂൾ സംഘടിപ്പിച്ച ജില്ലാതല സ്കൂൾ കരാട്ടേ മത്സരത്തിൽ വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ ഏറ്റവും കൂടുതൽ പോയിന്റ് നേടി ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. എൽ.പി, യു.പി,എച്ച്.എസ് എന്നീ മൂന്ന് വിഭാഗങ്ങളിലും എം.ജി.എം സ്കൂളാണ് ഒന്നാം സ്ഥാനം നേടിയത്. തുടർച്ചയായി ആറാം തവണയാണ് എം.ജി.എം പൊൻമുടിവാലി സ്കൂൾ ചാംപ്യൻമാരാകുന്നത്. ആര്യനാട് പാലൈക്കോണം വില്ലാനസ്രത്ത് ഹൈസ്കൂളിൽ നടന്ന കരാട്ടേ മത്സരം ജില്ലാ പഞ്ചായത്തംഗം ആര്യനാട് വി. വിജുമോഹൻ ഉദ്ഘാടനം ചെയ്തു. സെൻസായി വലിയകലുങ്ക് എൻ. അനിൽകുമാർ നേതൃത്വം നൽകി. എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ രഞ്ജിത് അലക്സാണ്ടർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ അഡ്വ.എൽ. ബീന എന്നിവർ ചേർന്ന് ട്രോഫികൾ ഏറ്റുവാങ്ങി.