നെയ്യാറ്റിൻകര: നഗരസഭയിലെ വിവിധ അംഗൻവാടികളിലേക്ക് ഹെൽപ്പർ - വർക്കർ തസ്‌തികകളിലേക്ക് നടത്തിയ നിയമനം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര നഗരസഭ പുറത്തിറക്കിയ സെലക്ഷൻ ലിസ്റ്റും കോടതി റദ്ദാക്കി. യോഗ്യതയുണ്ടായിട്ടും നിയമനം ലഭിച്ചില്ലെന്ന് ആരോപിച്ച് 9 പേർ ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ് കോടതി വിധി. സർക്കാർ പുതിയ ഉത്തരവ് നൽകി ഒരു മാസത്തിനകം അപേക്ഷകൾ ക്ഷണിക്കാനും രണ്ട് മാസത്തിനകം പുതിയ നിയമനങ്ങൾ നടത്താനും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും നെയ്യാറ്റിൻകര നഗരസഭാ സെക്രട്ടറിക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ നേതൃത്വം നൽകിയ ഇന്റർവ്യൂ ബോർഡ് രാഷ്ട്രീയ പ്രേരണ കാരണം അയോഗ്യരെ നിയമിച്ചെന്നും കോടതി കുറ്റപ്പെടുത്തി. നിലവിലുള്ള ഇന്റർവ്യൂ ബോർഡ് പിരിച്ചുവിട്ട് പുതിയ ബോർഡ് തിരഞ്ഞെടുക്കാനും കോടതി നിർദ്ദേശിച്ചു.