
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മണ്ണാകുളം ഭാഗത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ പത്തു മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി. അഞ്ചുതെങ്ങ് മണ്ണാർകുളം സ്വദേശികളായ ആസ്‌കർ, വിനോദ്, വിനീഷ്, സുമിഷ്, ജയേഷ്, ജോബായി,മഹേഷ്, കൊല്ലം സ്വദേശിയായ ജോയി, തമിഴ്നാട് ചിന്നത്തുറ സ്വദേശികളായ രാജു, സൈറസ് എന്നിവരാണ് കാർവാർ സ്വദേശിയായ വിക്രമന്റെ ഉടമസ്ഥതയിലുള്ള കാമധേനു-2 എന്ന ഫൈബർ വള്ളത്തിൽ മത്സ്യ ബന്ധനത്തിനായി പോയത്. കർണാടകയിലെ കാർവാർ തീരത്തായിരുന്നു സംഭവം. കരയിൽ നിന്ന് 65 കിലോമീറ്ററോളം ദൂരം ഉൾക്കടലിൽ എത്തുമ്പോഴാണ് ശക്തമായ കാറ്റിൽ പെട്ട് വള്ളം തല കീഴായി മറിഞ്ഞത്. കമിഴ്ന്ന വള്ളത്തിൽ പിടിച്ചു ഒരു ദിവസത്തിലേറെ ഉൾകടലിൽ കിടന്നു. അതുവഴി വള്ളത്തിൽ മത്സ്യ ബന്ധനത്തിനു വന്ന മറ്റു മത്സ്യത്തൊഴിലാളികൾ ഇവരെ രക്ഷപെടുത്തി ഇവരുടെ ചെറുവള്ളത്തിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ഇവർ കരയ്‌ക്കെത്തുകയായിരുന്നു. മറിഞ്ഞ വള്ളത്തിലെ എൻജിനും വലകളും പിടിച്ച മത്സ്യങ്ങളും കടലിൽ നഷ്ടമായി. കസ്റ്റംസിനേയും തീര സുരക്ഷസേനയെയും അറിയിച്ചെങ്കിലും ഇരുവരിൽനിന്നും യാതൊരു സഹായവും ഉണ്ടായില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.