തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിൻഡീസ് ട്വന്റി 20 ക്രിക്കറ്റ് മത്സരം കാണാനെത്തിയ കാണികളെക്കൊണ്ട് ഗാലറി നിറഞ്ഞപ്പോൾ ഒപ്പം നിറഞ്ഞത് കുടുംബശ്രീയുടെ പണപ്പെട്ടി കൂടി ആയിരുന്നു. ചില്ലറ വരുമാനമൊന്നുമല്ല 4.5 ലക്ഷം രൂപയാണ് കുടുംബശ്രീ കഫേ കാന്റീൻ യൂണിറ്റുകൾ തയ്യാറാക്കിയ രുചിക്കൂട്ട് നേടിക്കൊടുത്തത് .
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനാണ് കുടുംബശ്രീയെ ഭക്ഷണമൊരുക്കാനായി ക്ഷണിച്ചത്. സ്റ്റേഡിയത്തിനുള്ളിലെ 18 കൗണ്ടറുകളിലായി 25,000 പേർക്കുള്ള ഭക്ഷണമാണ് തയ്യാറാക്കിയത്.
ചായയും കാപ്പിയും ചെറുകടികളും കൂടാതെ ആവി പറക്കുന്ന പലഹാരങ്ങൾ മുതൽ ചിക്കൻ ബിരിയാണിയും പുലാവും ചപ്പാത്തിയും ചിക്കൻ കറിയും കപ്പയും മീൻകറിയും അടക്കമുള്ള വിഭവങ്ങളെല്ലാം കൗണ്ടറുകളിൽ ലഭ്യമാക്കിയിരുന്നു. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളിലും ഗ്ലാസുകളിലുമാണ് ഭക്ഷണം വിതരണം ചെയ്തത്. കുടുംബശ്രീ ജില്ലാ മിഷന്റെ മേൽനോട്ടത്തിൽ ശ്രുതി, സമുദ്ര, ബിഗ് ബീറ്റ്‌സ്, അനാമിക, ജിയാസ് ഫുഡ്, പ്രത്യാശ, സാം ജീസ്, അനുഗ്രഹ, ശ്രീശൈലം എന്നീ യൂണിറ്റുകളാണ് ഭക്ഷണമൊരുക്കിയത്.
2018 നവംബർ ഒന്നിന് ഇന്ത്യ -വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം കാര്യവട്ടത്ത് നടന്നപ്പോൾ കുടുംബശ്രീ യൂണിറ്റുകൾ ഭക്ഷണമൊരുക്കിയിരുന്നു. അന്ന് നാല് ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിച്ചത്.