sss

നെയ്യാറ്റിൻകര: വേളാങ്കണ്ണി തീർത്ഥാടനത്തിന് പോകവേ കാറപകടത്തിൽ മരിച്ച ഓലത്താന്നി തണൽവീട്ടിൽ സുധി (45), ഭാര്യ ഷൈനി (40) എന്നിവരുടെ മൃതദേഹം നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. കരോൾ പ്രാർത്ഥനയ്ക്ക് മുന്നോടിയായി വ്രതശുദ്ധിയോടെ വേളാങ്കണ്ണിയിലേക്ക് പോയതായിരുന്നു സുധിയും കുടുംബവും. ശനിയാഴ്ച വൈകിട്ട് നാലരയോടെ തിരുച്ചിറപ്പള്ളിക്കടുത്തായിരുന്നു അപകടം. മൃതദേഹങ്ങൾ പുതുക്കോട്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ പുലർച്ചെ നാലരയോടെ നാട്ടിലെത്തിച്ചു. തുടർന്ന് ഓലത്താന്നി നവകേരള സ്പോർട്സ് സെന്ററിൽ പൊതുദർശനത്തിനുശേഷം ഏഴു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഫാ.ജി.ക്രിസ്തുദാസ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെ. ആൻസലൻ എം.എൽ.എ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ഡി.സി.സി സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിൻ തുടങ്ങിയവർ പങ്കെടുത്തു.