വെഞ്ഞാറമൂട്: വിവാഹത്തിന് ശേഷമുള്ള ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ കാർ മറിഞ്ഞ് എട്ടു പേർക്ക് പരിക്കേറ്റു. മുളയ്ക്കലത്ത് കാവ് അരശുവിള സ്വദേശികളായ ദീപിക, സുമതി, ഓമന, ഗലിന, ദിനേശ്, ഷിജു, അപ്പു, ദീപു എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9 ന് പോങ്ങനാട് ആലത്തുകാവ് എസ്.എസ് അഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. ചെങ്കിക്കുന്നിൽ ഒരു ബന്ധുവിന്റെ വിവാഹത്തിന് ശേഷമുള്ള ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കാർ റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തി നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ബ്രേക്കിടുന്നതിനിടെ ഹാൻഡിൽ ലോക്ക് വീണതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ ദീപിക, സുമതി ,ഓമന എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.