peyad-road

മലയിൻകീഴ്: കണ്ണൊന്ന് തെറ്റിയാൽ പേയാട് കുണ്ടമൺ കടവ് റോഡിൽ അപകടങ്ങൾ ഉറപ്പാണ്. മിക്ക ഭാഗങ്ങളും മെറ്റലിളകി വാഹനയാത്ര അസാദ്യമാകും വിധമാണ് റോഡിന്റെ അവസ്ഥ. മഴപെയ്താൽ പിന്നെ പറയണ്ട, റോഡലെ കുഴികൾ തിരിച്ചറിയാൻ പോലും കഴിയില്ല. അത്രയും വെള്ളക്കെട്ടാണ് ഇവിടെ. വെള്ളക്കെട്ട് കുഴികളിൽ വീണ് അപകടം പറ്റുന്നവരും കുറവല്ല. കുഴികളിലൂടെ സാവധാനം പോകുന്നതിനാൽ ഇതുവഴി കടന്നുപോകാൻ മണിക്കൂറുകൾ വേണം. വർഷങ്ങളായി ഇവിടുത്തുകാരുടെ യാത്രാ ദുരിതം ആരംഭിച്ചിട്ട്. പേയാട് മുതൽ പള്ളിമുക്ക് വരെയുള്ള ഭാഗം തകർന്നുകിടക്കുകയാണെങ്കിലും കാട്ടാക്കട വരെയുള്ള റോഡ് അടുത്തിടെ നവീകരിച്ചതോടെ അപകടങ്ങളും വർദ്ധിച്ചു. ഈ റോഡിലൂടെയുള്ള കാൽനട യാത്രപോലും ദുഃസഹമാണ്. കരിപ്പൂര്, തച്ചോട്ടുകാവ് എന്നീ സ്ഥലങ്ങളിൽ രണ്ട് പേർ അപകടത്തിൽ മരിച്ചതും അടുത്തിടെയാണ്.

വീതി കുറവായിരുന്ന പേയാട്- കുണ്ടമൺകടവ് റോഡിൽ ഗതാഗതകുരുക്ക് കാരണം അപകടങ്ങൾ പതിവായതോടെ 2017 ഫെബ്രുവരിയിൽ വിളവൂർക്കൽ, വിളപ്പിൽ ഗ്രാമപഞ്ചായത്തുകൾ മുൻകൈയെടുത്ത് റോഡരികിലെ അനധികൃതകെട്ടിടങ്ങളും കൈയേറ്റങ്ങളും പൊളിച്ചു നീക്കി. വീതികൂട്ടിയ ഭാഗത്ത് ടാർ ചെയ്യാൻ 25 ലക്ഷവും സർക്കാർ അനുവദിച്ചു. എന്നാൽ ടാറിംഗ് മാത്രം നടന്നില്ല. അറ്റകുറ്റപ്പണികൾ ചെയ്തിരുന്നെങ്കിലും അതെല്ലാം തൊട്ട് പിന്നാലെ പെയ്ത മഴയിൽ ഒലിച്ചുപോയി.

പേയാട്, മലയിൻകീഴ് ജംഗ്ഷനുകളിൽ ഗതാഗതകുരുക്ക് ഒഴിയാറെയില്ല. മലയിൻകീഴ് ജംഗ്ഷനിൽ രാവിലെമുതൽ ഗതാഗത കുരുക്ക് പതിവാണ്. നാല് റോഡുകൾ സംഗമിക്കുന്ന മലയിൻകീഴ് സ്ഥല സൗകര്യം ഇല്ലാത്തതാണ് ഗതാഗത കുരുക്കിന് കാരണം. ഇത് കാരണം മണിക്കൂറുകൾ കാത്തുകിടന്നിട്ടാണ് വാഹനങ്ങൾ അപ്പുറം കടക്കുന്നത്. റോഡിന് ആവശ്യമായ വീതി ഇല്ലാത്തതുകാരണം പേയാട് ജംഗ്ഷനിലെ ഗതാഗതകുരുക്ക് ഒഴിയാബാധയായി തുടരുകയാണ്.

പേയാട് ജംഗ്ഷൻ, മലയിൻകീഴ് എന്നീ ഭാഗത്തെ നടപ്പാത കൈയേറിയതിനാൽ കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാണ്. വഴിയോര കച്ചവടവും ഗതാതരക്കുരുക്കും അനധികൃത പാർക്കിംഗും റോഡ് കൈയേറിയുള്ള കച്ചവടവും മലയിൻകീഴ് പേയാട്-റോഡിലൂടെയുള്ള യാത്ര ശ്വാസംമുട്ടിക്കുന്നത്.

ജംഗ്ഷനിൽ ഒരു വാഹനം ഒന്ന് നിറുത്തിയാൽ ഇവിടെ ഗതാഗത കുരക്കാകും. കാട്ടാക്കട ഭാഗത്ത് നിന്നുള്ള ബസുകൾ ക്ഷേത്ര ജംഗ്ഷനിലേക്ക് മാറ്റി സ്റ്റോപ്പ് ക്രമീകരിച്ചെങ്കിലും മിക്കതും മലയിൻകീഴ് ജംഗ്ഷനിലെ നിറുത്തു. ഇവിടെ നിറുത്തുന്ന ബസിന് പിറകെ പാഞ്ഞുവരുന്ന വാഹനങ്ങൾ അപകടങ്ങൾ ഉണ്ടാക്കുന്നതും പതിവാണ്.